പത്തനംതിട്ട: മലയോര നാടിന്റെ ടൂറിസം പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ച് കക്കാട്ടാറില്‍ കയാക്കിംഗ് ട്രയല്‍ റണ്‍ നടന്നു. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന കായിക വിനോദത്തിനാണ് തുടക്കമായത്. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാന്‍ പോകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടില്‍ കയാക്കിംഗ് ആരംഭിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഒളിമ്പിക്‌സിലെ ഒരു പ്രധാന കായിക ഇനമാണ് കയാക്കിംഗ്.
ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലില്‍ ആണ് ട്രയല്‍ റണ്ണിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്ത് പവര്‍ഹൗസ് ജംഗ്ഷനില്‍ വരെയാണ് കയാക്കിംഗ് നടത്തുന്നത്. പ്രശസ്ത കയാക്കിംഗ് വിദഗ്ധന്‍ നോമി പോളിന്റെ നേതൃത്വത്തില്‍ നിഥിന്‍ ദാസ്, വിശ്വാസ് രാജ്, കെവിന്‍ ഷാജി, ഷിബു പോള്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് ട്രയല്‍ റണ്ണിനെത്തിയത്.
ഒരാള്‍ക്ക് വീതം സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്. രണ്ടു മുതല്‍ എട്ടു വരെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളും സീതത്തോട്ടില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കയാക്കിംഗ് സംഘം അഭിപ്രായപ്പെട്ടു. കയാക്കിംഗിനൊപ്പം റാഫ്റ്റിംഗ്, കനോയിംഗ് തുടങ്ങിയവയും സീതത്തോട് കേന്ദ്രത്തില്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലാണ് കയാക്കിംഗ് സെന്റര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘദൂര, ഹ്രസ്വദൂരയാത്രകള്‍ക്കും, സാഹസിക യാത്രകള്‍ക്കും ഇന്ത്യയില്‍ ലഭ്യമായതില്‍ മികച്ച സൗകര്യമാണ് സീതത്തോട്ടിലെ കക്കാട്ടാറില്‍ ഉള്ളത്. കുളു, മണാലി കേന്ദ്രങ്ങളേക്കാള്‍ മികച്ച നിലയില്‍ സീതത്തോടിന് മാറാന്‍ കഴിയും. സഞ്ചാരികള്‍ക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകള്‍ നടത്താനും സൗകര്യമൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി സീതത്തോടിനെ മാറ്റാനാണ് പദ്ധതി തയാറാകുന്നത്.
അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ദിവ്യ. എസ്. അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് ട്രയല്‍ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി. ടി. ഈശോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍,ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, പി.ആര്‍.പ്രമോദ്, രവികല എബി, രവി കണ്ടത്തില്‍, റെയ്‌സണ്‍. വി. ജോര്‍ജ്, രമേശ് രംഗനാഥ്, ബിയോജ്, രാജേഷ് ആക്ലേത്ത്, ബിനോജ്, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കയാക്കിംഗ്
മലയോര നാടിന് പുതുമ പകര്‍ന്ന കയാക്കിംഗിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. മീന്‍ പിടിത്തത്തിനായി ആയിരത്തിലേറെ വര്‍ഷംമുമ്പ് എസ്‌കിമോകളാണ് കയാക്കുകള്‍ നിര്‍മിച്ചത്. വേട്ടക്കാരുടെ തോണി എന്നാണ് കയാക്ക് എന്ന വാക്കിന്റെ അര്‍ഥം. മരവും തിമിംഗിലത്തിന്റെ അസ്ഥികളും ഉപയോഗിച്ചായിരുന്നു ഇത്തരം വള്ളങ്ങളുടെ നിര്‍മാണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യന്‍മാര്‍ കയാക്കിംഗില്‍ ആകൃഷ്ടരായി. ജര്‍മന്‍കാരും ഫ്രഞ്ചുകാരും കയാക്കിംഗിനെ കായിക ഇനമായി വികസിപ്പിച്ചു.
ബര്‍ലിനില്‍ 1936-ല്‍ നടന്ന ഒളിമ്പിക്‌സില്‍ കയാക്കിംഗ് മത്സര ഇനമായി. 1950-കളില്‍ ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചുള്ള കയാക്കുകള്‍ വികസിപ്പിക്കപ്പെട്ടു. എന്നാല്‍, 1980 പോളിഎതിലിന്‍ പ്ലാസ്റ്റിക് കയാക്കുകള്‍ നിര്‍മിക്കപ്പെട്ടതോടെയാണ് കയാക്കിംഗിന് പ്രചുരപ്രചാരം നേടിയത്. ഇന്ന് ഒളിമ്പിക്‌സില്‍ പത്ത് കയാക്കിംഗ് ഇനങ്ങളില്‍ മത്സരം നടക്കുന്നു.
സീതത്തോടും കയാക്കിംഗിലൂടെ ലോക ശ്രദ്ധ നേടുകയാണ്. ധാരാളം ദേശീയ, രാജ്യാന്തര താരങ്ങളെ കയാക്കിംഗിലൂടെ മലയോര നാടിനു സംഭാവന ചെയ്യാന്‍ കഴിയുമെന്നാണ് ജനങ്ങളാകെ പ്രതീക്ഷിക്കുന്നത്.