സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത് ( 22/09/2021)

മുഖ്യമന്ത്രിക്കും സി.പി.എമ്മിനും കള്ളക്കളി; സമുദായ സംഘര്‍ഷം ഒഴിവാക്കുന്നതില്‍ സര്‍ക്കാരിന് അനങ്ങാപ്പാറ നയം

സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

         

തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തന്മിലുള്ള സംഘര്‍ഷം വഷളാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടു പോകട്ടെയെന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നാണ് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്. വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്നിനാണ്? ഇതില്‍ സി.പി.എമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്‌നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പത്ത് ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വള്ളി പുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ? വര്‍ഗീയതക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും മുഖത്ത് നോക്കി അത് തെറ്റാണെന്ന് പറയാന്‍ ഭയമില്ല. ഇതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഒരു ശ്രമവും നടത്തുന്നില്ല. മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താനല്ല പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്. പ്രശ്‌ന പരിഹരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും അന്തരീക്ഷമാണ്. സര്‍ക്കാരിന് വേണമെങ്കില്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പച്ച വെള്ളത്തിന് തീപിടിപ്പിക്കുന്ന പ്രചരണം സമൂഹമാധ്യമങ്ങളിലെ വ്യജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഇതുവരെ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞവര്‍ വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്നു. കേരളത്തില്‍ സൈബര്‍ പോലീസ് എന്തിനാണ്? ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് പ്രതിക്ഷം നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കണം

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ കുട്ടികളുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ പറ്റില്ല. സ്‌ക്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയുണ്ട്. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും എന്നാണ് പ്രതീഷിക്കുന്നത്. കോവിഡിനൊപ്പെ ജീവിക്കുകയെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത് പ്രതിപക്ഷമാണ്. സ്‌കൂളുകളും സ്ഥാപനങ്ങളും തുറന്ന് ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണം.

Leave a Reply

Your email address will not be published. Required fields are marked *