പത്തനംതിട്ട: കളക്ടറേറ്റിലെ ഒന്നാം നിലയില്‍ ആരംഭിച്ച ജല്‍ ശക്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സന്ദിപ് കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ് കോശി, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജല്‍ ശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ കാമ്പയില്‍ 2021ന്റെ ഭാഗമായാണ് ജില്ലയില്‍ ജല്‍ ശക്തി കേന്ദ്രം ആരംഭിച്ചത്. ജല്‍ ശക്തി കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ജലപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ക്ക് 9113000357 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 ബന്ധപ്പെടാം. ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണ രീതി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പരമാവധി മഴവെള്ളം സംഭരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കും. ജലസംരക്ഷണത്തിനായി ശാസ്ത്രീയ പദ്ധതി തയ്യാറാക്കും. ഒരു ജന്‍ ആന്ദോളന്‍ ആക്കുന്നതിന് അവബോധം സൃഷ്ടിക്കുകയും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. കുളങ്ങള്‍, തടാകങ്ങള്‍, ചെക്ക് ഡാമുകള്‍ എന്നിവയുടെ നിലവിലെ അവസ്ഥ ഗൂഗിള്‍ എര്‍ത്ത് പ്രോയുടെ സഹായത്തോടെ ജിയോ ടാഗ് ചെയ്യും.
ജല്‍ ശക്തി കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച് പ്രോജക്ട് തയ്യാറാക്കുന്നതിനായി ജില്ലയിലെ വിവിധ എന്‍ജിനീയറിംഗ്, പോളിടെക്നിക്ക് കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തും. ജി.ഐ.എസ് വിദഗ്ധരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ജില്ലയിലെ മുഴുവന്‍ ജലാശയങ്ങളും തിരിച്ചറിയുന്നതിനുള്ള പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ജില്ലയിലെ നിലവിലുള്ള ജലസ്രോതസുകളുടെ റഫറന്‍സിനായി വിവിധ വകുപ്പുകളില്‍ നിന്ന് മുന്‍കൂട്ടി രേഖപ്പെടുത്തിയ ഡേറ്റാബേസ് ശേഖരിക്കും. ശാസ്ത്രീയവും യുക്തിപരവും സാങ്കേതികവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ജലസംരക്ഷണത്തിനും ജലം കുറവുള്ള പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് കുടിവെള്ളം സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ജില്ലാ ജലസംരക്ഷണ പദ്ധതി പ്രകാരം ജല്‍ ശക്തി കേന്ദ്രത്തില്‍ ആവിഷ്‌കരിക്കും.