തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വൈകുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരാര്‍ പ്രകാരം 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാകേണ്ടതായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷത്തെ സാവകാശം കൂടി വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കരാര്‍ വ്യവസ്ഥകള്‍ അദാനി ഗ്രൂപ്പ് ലംഘിച്ചിട്ടും അതിനെതിരെ നിയമ നടപടി സ്വീകരിക്കാനോ വ്യവസ്ഥ പ്രകാരമുള്ള പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയാറാകത്തത് ദുരൂഹമാണ്.
ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്ന വ്യവസ്ഥയോടെയാണ് 2015-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയത്. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് മുന്നോട്ടു പോകാനാകും. അതിനു ശേഷവും പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രതിദിനം 12 ലക്ഷം രൂപ വീതം പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിനൊന്നും തയാറാകാതെ അദാനി ഗ്രൂപ്പിന് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
പദ്ധതിക്കായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്തു നല്‍കിയ ഭൂമി അല്ലാതെ കൂടുതലൊന്നും ചെയ്യാന്‍ ആറു വര്‍ഷമായിട്ടും ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. റെയില്‍വെ ലൈന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. 3,100 മീറ്റര്‍ നീളത്തിലുള്ള പുലിമുട്ടാണ് നിര്‍മ്മിക്കേണ്ടതെങ്കിലും 850 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
വിഴിഞ്ഞം തുറമുഖം ഇടതു സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് തകര്‍ക്കരുത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
—————————————————–
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്ത് പൂര്‍ണരൂപത്തില്‍
കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൂലധനപര്യാപ്തത ഒന്‍പത് ശതമാനമായി നിലനിര്‍ത്താന്‍ ആവശ്യമായ പണം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിന് 50 ശതമാനവും സ്പോണ്‍സര്‍ ബാങ്കായ കാനറാ ബാങ്കിന് 35 ശതമാനവും കേരള സര്‍ക്കാരിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലുള്ള ഓഹരി. മൂലധനപര്യാപ്തതയ്ക്ക് ആവശ്യമായ ഒന്‍പതു ശതമാനം നിലനിര്‍ത്താന്‍ ഈ 15 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. എന്നാല്‍ ഈ പണം നല്‍കാനാകില്ലെന്നും ഒഹരി പൊതുവില്‍പന നടത്തിയോ ഏതെങ്കിലും സ്വകാര്യപങ്കാളികളുമായി ധാരണയുണ്ടാക്കിയോ ബോണ്ട് വഴിയോ പണം സമാഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രമീണ്‍ ബാങ്ക് ചെയര്‍മാനെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുന്നതു വഴി ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറയും.
രാജ്യത്തെ ബാങ്കുകളുടെയും പൊതുധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്ന കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് കേരള ഗ്രമീണ്‍ ബാങ്കിന് പണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
—————————————————————
വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. കണ്ണൂരിൽ യു.ഡി.എഫ് രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളായി കരുത്ത് പകർന്ന നേതാവായിരുന്നു അബ്ദുൾ ഖാദർ മൗലവി സാഹിബ്. എക്കാലവും ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും
പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.