ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ്

Spread the love

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും. പോസ്റ്റ് കോവിഡ് ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 600 ആയുഷ് ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ യോഗ ട്രെയിനറുടേയും ആശ പ്രവര്‍ത്തകരുടേയും സേവനവും വിവിധതരം ആരോഗ്യ പരിശോധനകളും ലാബ് സൗകര്യങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ അധികമായി ലഭിക്കുന്നു. കൂടാതെ ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായവും നല്‍കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളേയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കിയത്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം 150 സ്ഥാപനങ്ങളെ കൂടി ഇത്തരത്തില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

ആയുഷിന്റെ എല്ലാ സ്ഥാപനങ്ങളിലും ഔഷധസസ്യ തോട്ടം ആരംഭിക്കും. ഇതിനായുള്ള ‘ആരാമം ആരോഗ്യം’ പദ്ധതി നടന്നു വരികയാണ്. അടുത്ത വര്‍ഷം ആകുന്നതോടെ സംസ്ഥാനത്ത് 700 ഹെക്ടര്‍ സ്ഥലത്ത് കൂടി ഔഷധസസ്യ കൃഷി ആരംഭിക്കാന്‍ കഴിയും.

സംസ്ഥാനത്തിന്റെ ഒരു ഡ്രീം പ്രോജക്ട് ആണ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. ആയുര്‍വേദവും ആധുനിക ജൈവ സാങ്കേതികവിദ്യയും ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കായി ഭാരത്തില്‍ ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക എന്നത് ഈ സര്‍ക്കാരിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. അതിലേക്ക് കൈമാറിക്കിട്ടയ 36.57 ഏക്കര്‍ സ്ഥലത്ത് ആദ്യഘട്ട നിര്‍മ്മാണത്തിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നത് 80 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നു.

ആയുര്‍വേദത്തിലെന്നപോലെ ഹോമിയോപ്പതിയിലേയും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. ജീവിതശൈലീ രോഗങ്ങള്‍, വൃദ്ധജന പരിപാലനം, വന്ധ്യത ചികിത്സ എന്നിവയ്ക്ക് ആയുര്‍വേദ, ഹോമിയോപ്പതി വകുപ്പുകളുടെ കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

മഗളിര്‍ ജ്യോതി, പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലീനിക്, 6 സ്ഥാപനങ്ങള്‍ കേരള അക്രഡിറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനം, ആയുഷ് സേവനങ്ങള്‍ ഇനി ഇ-സഞ്ജീവനി വഴി, പത്തനംതിട്ടയില്‍ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ നിര്‍മ്മാണം, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുള്ള ഔഷധ സസ്യ തൈകളുടെ ഉത്പാദനവും വിതരണവും, ഔഷധ സസ്യങ്ങള്‍ക്കായി മൂന്ന് മോഡല്‍ നേഴ്‌സറികള്‍, ഔഷധ സസ്യ പ്രദര്‍ശ ഉദ്യാനം, ഔഷധ സസ്യങ്ങള്‍ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങളുടെ നിര്‍മ്മാണം, ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധസസ്യ നഴ്‌സറി, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹെല്‍ബല്‍ ഗാര്‍ഡന്‍, കരുനാഗപ്പള്ളി ആയൂര്‍വേദ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *