ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി നേവിസ് യാത്രയായി

Spread the love

തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ ആദരവ് അറിയിച്ചു.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോടേക്ക് പുറപ്പെട്ടു. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണം. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കിയിട്ടുണ്ട്.

കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *