സെപ്റ്റംബര്‍ 28 ലോക റാബീസ് ദിനം
തിരുവനന്തപുരം: സെപ്റ്റംബര്‍ 28 ലോക റാബീസ് ദിനമായി ആചരിക്കുമ്പോള്‍ പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം. ഇന്ത്യയിലും പേവിഷബാധ നിയന്ത്രണ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. സംസ്ഥാനത്തും പേവിഷബാധയ്‌ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും, 2030 ഓടെ പേവിഷബാധ മൂലമുള്ള മരണ സംഖ്യ പൂജ്യമാക്കി സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റാബീസ്: ‘വസ്തുതകള്‍ അറിയാം, ഭീതി ഒഴിവാക്കാം’ (RABIES : FACTS, NOT FEAR) എന്നതാണ് 2021ലെ ലോക റാബീസ് ദിന സന്ദേശം. ശാസ്ത്രീയ വസ്തുതകള്‍ അറിയുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക, ശാസ്ത്രീയ തത്വത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ രോഗ നിയന്ത്രണം സാധ്യമാക്കുക. അശാസ്ത്രീയമായ കുപ്രചരണങ്ങള്‍ ശ്രദ്ധിക്കാതെ രോഗവ്യാപനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാനം.
എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്. ആദ്യമായി കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകുക. പേ വിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു. പട്ടി കടിച്ചാല്‍ എത്രയും വേഗം സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ഐ.ഡി.ആര്‍.വി., ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ ചികിത്സകളാണ് നല്‍കുന്നത്. ഐ.ഡി.ആര്‍.വി. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്.
നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തിലൂടെ നടപ്പിലാക്കേണ്ടതാണ്. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെ ബോധവത്കരണ പരിപാടികളും ശക്തിപ്പെടുത്തും.