ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബിജെപിയില്‍ നിന്നും രാജിവെച്ച ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടി അംഗത്വം നല്‍കി.സമൂഹത്തില്‍ നല്ലപ്രവര്‍ത്തനം നടത്തിയ ബഹുജന അടിത്തറയുള്ള നേതാവാണ് ഋഷിയെന്നും അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മുല്‍ക്കൂട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ഋഷി പല്‍പ്പുവിനോടൊപ്പം ബിജെപിയില്‍ നിന്നും രാജിവെച്ച നൂറോളം പ്രവര്‍ത്തകര്‍ക്ക് തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുപാട് നേതാക്കളും പ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുന്നു.കോണ്‍ഗ്രസിന്റെ മതേതര,ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നവരെ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ സെപ്തംബര്‍ 30ന് കെപിസിസി പ്രസിഡന്റ് നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ പതിനാല് ജില്ലകളില്‍ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് നവംബര്‍ 14ന് 25000ല്‍പ്പരം യൂണിറ്റ് കമ്മറ്റികളും ഡിസംബര്‍ 28ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മറ്റികളും നിലവില്‍ വരുമെന്നും സുധാകരന്‍ അറിയിച്ചു.
ഓരോ ജില്ലയിലും പൈലറ്റായി രൂപീകരിച്ച 1500 കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളില്‍ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായും ഖാദിയില്‍ നെയ്‌തെടുത്ത ചര്‍ക്കാംഗിത ത്രിവര്‍ണ്ണപതാകയുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിച്ചു.പാലക്കാട് കൈമ്പടം തെരുവിലെ വീട്ടമ്മമാരാണ് ചര്‍ക്കാംഗിത ത്രിവര്‍ണ്ണപതാക ഖാദയില്‍ നെയ്‌തെടുത്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, വിഎസ് ശിവകുമാര്‍,കെകെ കൊച്ചുമുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.