രാവിലെ 10ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിന് കരുത്തേകുന്ന 9.34 കോടി രൂപയുടെ വികസന പദ്ധതികള്‍ ഇന്ന് (സെപ്റ്റംബര്‍ 28) നാടിനു സമര്‍പ്പിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. രാവിലെ 10ന് ഗവണ്‍മെന്റ് നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
6.20 കോടി രൂപ ചെലവില്‍ നിര്‍മിച്ച നഴ്സിങ് കോളജ് ഓഡിറ്റോറിയവും ലൈബ്രറി-പരീക്ഷ ഹാള്‍, 40 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സര്‍ജറി
വാര്‍ഡുകള്‍, ഒരു കോടി രൂപ ചെലവില്‍ കുട്ടികളുടെ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ ജനറേറ്റര്‍, 1.50 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 750 കെ.വി. ജനറേറ്റര്‍, സബ്സ്റ്റേഷന്‍, 24.11 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. ചടങ്ങില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ വികസന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലബീവി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ടോമിച്ചന്‍, ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിത മാത്യു, ഗ്രാമപഞ്ചായത്തംഗം അരുണ്‍ ഫിലിപ്പ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി ജയകുമാര്‍, ഗവണ്‍മെന്റ് ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.ടി. ബീന, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി. ജയപ്രകാശ്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ. ഉഷ, ഫാര്‍മസി കോളജ് മേധാവി ഡോ. വത്സല കുമാരി, മെഡിക്കല്‍ കോളജ് നഴ്സിംഗ് ഓഫീസര്‍ വി.ആര്‍. സുജാത, ആര്‍.എം.ഒ. ഡോ. ആര്‍.പി. രഞ്ജിന്‍ എന്നിവര്‍ പങ്കെടുക്കും.