തിരുവനന്തപുരം: ജന്‍റം എസി ബസുകളിലും, സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വ്വീസ് നടത്തുന്ന എസി ബസുകളിലും യാത്രക്കാര്‍ നിലവില്‍ കുറവായ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരക്ക് ഉളവ് തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ നോണ്‍ എസി ജന്‍റം ലോ ഫ്‌ലോര്‍ ബസുകള്‍ സിറ്റി ഓര്‍ഡിനറി ബസുകള്‍ക്ക് പകരമായാണ് ഉപയോഗിക്കുന്നത്. അതില്‍ നിരക്ക് വ്യത്യാസം ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഓര്‍ഡിനറി ബസിന്റേതിന് സമാനമായി കുറച്ചു. അതിനാല്‍ നോണ്‍ എസി ജന്‍റം ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് നിലവിലെ ഓര്‍ഡിനറി സിറ്റി ബസ് ചാര്‍ജ് മാത്രമാകും ഈടാക്കുകയെന്നും മന്ത്രി അറിയിച്ചു.
കോവിഡ് കാല നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും, യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമായി ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍, സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍വീസുകള്‍ക്കും നല്‍കിയിരുന്ന 25% നിരക്ക് ഇളവ് റദ്ദാക്കി. കോവിഡ്കാല യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുകയും, യാത്ര ഇളവുകള്‍ അനുവദിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ഡീലക്‌സ് സര്‍വീസുകളില്‍ നല്‍കിവന്നിരുന്ന നിരക്ക് ഇളവാണ് പിന്‍വലിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ ബസുകള്‍ മുന്‍പ് ഉണ്ടായിരുന്ന പഴയ നിരക്ക് ഈടാക്കും.