കോഴിക്കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയ കോഴിക്കോട്ടെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസിലെത്തി തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ജീവനക്കാരുടെ വാക്സിനേഷന് ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്തതോടെ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലും യുഎല്‍ സൈബര്‍പാര്‍ക്കിലും പുറത്തുമുള്ള കമ്പനികളിലേറെയും പ്രവര്‍ത്തനം സാധാരണ നിലയിലാക്കി. മിക്ക കമ്പനികളിലും ജീവനക്കാര്‍ പതിവുപോലെ ഒാഫീസില്‍ വന്നു തുടങ്ങി. കുറഞ്ഞ ജീവനക്കാരുള്ള ഏതാനും കമ്പനികളില്‍ എല്ലാ ജീവനക്കാരും പഴയപോലെ ഇപ്പോള്‍ ഓഫീസിലെത്തുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോമിനു പുറമെ ഓഫീസിലിരുന്നും ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതിയും ചില കമ്പനികള്‍ പിന്തുടരുന്നുണ്ട്.
‘സൈബര്‍പാര്‍ക്കും കമ്പനികളും സംഘടിപ്പിച്ച വാക്സിനേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐടി ജീവനക്കാരെല്ലാം ഏതാണ്ട് പൂര്‍ണമായും വാക്സിന് സ്വീകരിച്ചതോടെ സുരക്ഷിത തൊഴിലിടമായി പാര്‍ക്ക് മാറി. കമ്പനികളുടെ പ്രവര്‍ത്തനം പടിപടിയായി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്-‘ ഗവ. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു.
‘കോവിഡ് പ്രതിസന്ധി കാലത്തും ഐടി കമ്പനികള്‍ക്ക് ബിസിനസ് വളര്‍ച്ചയാണുണ്ടായത്. 90 ശതമാനം ജീവനക്കാരും പൂര്‍ണമായും വാക്സിന് എടുത്തതോടെ അവര്‍ക്ക് സുരക്ഷിതമായി ഓഫീസുകളില്‍ തിരിച്ചെത്താനുള്ള വഴിയൊരുങ്ങി. ഇപ്പോള്‍ മിക്ക കമ്പനികളിലും ഏതാണ്ടെല്ലാ ജീവനക്കാരും സാധാരണ പോലെ ഓഫീസില്‍ വരുന്നുണ്ട്. സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ഐടി മേഖലയ്ക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുങ്ങി,’ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പ്രസിഡന്റും ഗവ. സൈബര്‍പാര്‍ക്കില്‍ ഏറ്റവും കൂടുതല്‍ പേര് ജോലി ചെയ്യുന്ന കമ്പനിയായ ഐഒഎസ്എസ് സിഇഒയുമായ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive)