വിവരാവകാശനിയമം : ഉത്തരം വൈകിയാല്‍ ഫൈനും നഷ്ടപരിഹാരവും

Spread the love

ബാര്‍കോഴയില്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു; പിന്നീട് വന്നവര്‍ക്കും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല ...

വിവരാവകാശ നിയമപ്രകാരം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്കുന്നതു വരെ ദിവസേന 250 രൂപവച്ച് 25,000 രൂപ വരെ ഫൈനടിക്കാനും ഉത്തരം വൈകിയതുമൂലം പരാതിക്കാരന് നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് ഉത്തരവിടാനും വിവരാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് മുന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. നഷ്ടപരിഹാരത്തിന് പരിധിയില്ലെന്നും അത് നല്‌കേണ്ടത് സ്ഥാപനമോ വകുപ്പോ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക വിവരാവകാശദിനത്തോട് അനുബന്ധിച്ച് ‘ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ എന്ന വിഷയത്തെക്കുറിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടത്തില്‍ നിന്നു പുറത്തുവിട്ട ഭൂതം പോലെ വിവരാവകാശ നിയമം, സമൂഹത്തിന്റെ എല്ലാമേഖലകളിലേക്കും വിപ്ലവകരമായ രീതിയില്‍ വ്യാപിച്ചപ്പോള്‍ അതിന്റെ വ്യാപ്തി ആരംഭഘട്ടത്തില്‍ ആര്‍ക്കും പിടികിട്ടിയില്ല. എന്നാല്‍ നിയമം പ്രാബല്യത്തിലായതോടെ അഴിമതി കുറയുകയും ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം കൂടുകയും ചെയ്തു.

നിയമത്തിലെ എട്ടാം വകുപ്പിലെ എ മുതല്‍ ഇ വരെയുള്ള സേവനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെങ്കിലും ഇതില്‍ മനുഷ്യാവകാശ ലംഘനമോ, അഴിമതിയോ ഉണ്ടെങ്കില്‍ അവ വെളിപ്പെടുത്തേണ്ടി വരുമെന്നാണ് സുപ്രീംകോടതി വിധി. പട്ടാളത്തിലെ ഭരണവിഭാഗം വിവരാവകാശ നിയമപരിധിയില്‍ വരുന്നതിനാല്‍ നിയമപ്രകാരമുള്ള കാര്യങ്ങളേ ഇപ്പോള്‍ നടക്കൂ. സ്വകാര്യ ഏജന്‍സികളുടെ ഇടപാടുകള്‍ വരെ ഇപ്പോള്‍ നിയമത്തിന്റെ പരിധിയിലുണ്ടെന്ന് വിന്‍സന്‍ എംപോള്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന് തലവേദന ഉണ്ടാക്കിയ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ രണ്ടാം മോദി സര്‍ക്കാര്‍ 2019ല്‍ നിയമഭേദഗതി കൊണ്ടുവന്ന് വിവരാവകാശ നിയമത്തെ നിര്‍വീര്യമാക്കി വെറും കടലാസ് പുലിയാക്കിയെന്ന് കെപിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കിയതോടെ കമ്മീഷനെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനുമുള്ള അവസരമാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. മുമ്പ് ഇവരെ 5 വര്‍ഷം നിയമിച്ചാല്‍ പിന്നീട് സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലായിരുന്നു. ജുഡീഷ്യറിയെപ്പോലെ ബാഹ്യസമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ വിവരാവകാശ കമ്മീഷനെ അനുവദിക്കാത്ത മോദി സര്‍ക്കാര്‍ ഫാസിസത്തിന്റെ പ്രയോക്താവായെന്ന് കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഡിഗ്രി, പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി, പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയായപ്പോഴാണ് വിവരാവകാശ കമ്മീഷന്റെ ചിറകരിഞ്ഞത്.
കേരളത്തിലും വിവരാവകാശ നിയമത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാന്‍ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ലെന്ന് മുന്‍ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ടി ആസഫ് അലി ചൂണ്ടിക്കാട്ടി. വിവരവാകാശ നിയമം പ്രാബല്യത്തിലായതോടെ പാര്‍ലമെന്റിലേയും നിയമസഭയിലേയും ചോദ്യോത്തരവേളയുടെ പ്രധാന്യം കുറഞ്ഞു. സഭ നടക്കുമ്പോള്‍ മാത്രം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കാം എന്നതാണ് വിവരാവകാശനിയമത്തിന്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.

2005ല്‍ യുപിഎ സര്‍ക്കാര്‍ വിവരാവകാശ നിയമം നടപ്പാക്കി 16 വര്‍ഷം കഴിഞ്ഞപ്പോള്‍ അതു ദുര്‍ബലപ്പെടുത്തുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഈ വിഷയത്തില്‍ സെമിനാര്‍ നടത്തുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എ പറഞ്ഞു. യുപിഎ സര്‍ക്കാരുകള്‍ കൊണ്ടുവന്ന പഞ്ചായത്ത് നഗരപാലിക നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വനാവകാശ നിയമം, തൊഴിലുറപ്പുനിയമം, സിഎസ്ആര്‍ ഫണ്ട് നിയമം, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

അക്കാദമിക് രംഗത്തുള്ളവര്‍ വിവരാവകാശ നിയമത്തോട് മുഖംതിരിഞ്ഞു നില്ക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍ ചൂണ്ടിക്കാട്ടി.

ഡിസിസി പ്രസിഡന്റ് പാലോട് രവി സ്വാഗതവും അഡ്വ വിഎസ് ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *