കുട്ടികളെ അനുസരണ പഠിപ്പിക്കുന്നത് ഇന്ന്ഏതൊരു രക്ഷിതാവിനും ബാലികേറാമലയാണ് . നമ്മുടെ മാതാപിതാക്കൾ പണ്ട് നമ്മെ നല്ല ശിക്ഷണത്തിലൂടെ ആയിരിക്കാം വളർത്തിക്കൊണ്ടുവന്നത്. നാമും അതേ രീതി തന്നെ നമ്മുടെ കുട്ടികളോട് പിന്തുടരാൻ ആവശ്യപ്പെടുകയാണ്. എന്നാൽ ഈ രീതി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ഒന്നാണോ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പണ്ടത്തെ പോലെ വടിയെടുത്തു തല്ലുന്നതു പോലുള്ള ശിക്ഷാനടപടികൾ ചിലപ്പോൾ ലക്ഷ്യത്തെ പിന്നോട്ട് നയിക്കുന്ന കാര്യങ്ങളാകാം. ഇത്തരം രീതികൾ പലപ്പോഴും നിങ്ങൾക്ക് ഉടനടി ഫലങ്ങൾ നൽകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ദോഷകരമായി മാറുന്നു. കൊച്ചുകുട്ടികളെ ശാരീരികമായി ശിക്ഷിച്ച് വളര്‍ത്തിയാല്‍ നന്നാവുമെന്ന് ഇന്ന് പല മാതാപിക്കളും കരുതുന്നു. അങ്ങനെയുള്ള മാതാപിതാക്കളുണ്ടെങ്കില്‍ നിങ്ങൾക്ക് തെറ്റുപറ്റി എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ
മണ്ടത്തരവുമായിരിക്കും അത്. വളരുന്ന പ്രായത്തിൽ കുട്ടികൾ അനുസരണക്കേട് കാണിക്കുന്നത് സ്വാഭാവികം. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ വടിയെടുക്കാന്‍ ഓടുന്നതിനു മുമ്പ് പല കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ശിക്ഷയാവാം, എന്നാല്‍ തല്ലി വളര്‍ത്തുന്നതല്ല ശിക്ഷ എന്നു മനസിലാക്കുക. കുഞ്ഞുങ്ങളെ തല്ലിവളർത്തിയാൽ വിപരീത ഫലമാകും ഉണ്ടാകുക . ഇത്തരം കുട്ടികൾ പിന്നീട് ആക്രമണവാസനയുള്ളവ രും സാമൂഹ്യവിരുദ്ധരുമായിട്ടായിരിക്കും വളര്‍ന്നുവരിക. ആയതിനാൽ തന്നെ മിക്ക പശ്ചിമ രാജ്യങ്ങളിലും പഠനങ്ങളുടെ വെളിച്ചത്തിൽ ഇന്ന് കുട്ടികളെ തല്ലുന്നതിനെതിരേ നിയമങ്ങൾ തന്നെ വന്നിട്ടുണ്ട്. മക്കളെ നല്ലതു പഠിപ്പിക്കാനുള്ള എറ്റവും നല്ല മാര്‍ഗം എന്തെന്നാല്‍ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ അവരോടും നമ്മള്‍ പെരുമാറുക എന്നതാണ്. അവരെ താഴ്ത്തിക്കെട്ടാതെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാതെയുമുള്ള സമീപനമാണ് വേണ്ടത്. കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിക്കുന്നതുകൊണ്ടുള്ള വിപരീത ഫലങ്ങൾ എന്തൊക്കെ എന്ന് ആദ്യമായി ഇവിടെ സൂചിപ്പിക്കുന്നു.
1. ജീവിതത്തില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ പാഠ ങ്ങൾ പഠിക്കുന്നത്. അവരുടെ ചെറുപ്പത്തിലെ ദുരനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ശാരീരിക ശിക്ഷാരീതികള്‍ കൊച്ചുകുട്ടികളില്‍ പ്രകടമായ മാറ്റത്തിനു കാരണമാക്കുന്നു. ആത്മവിശ്വാസം കുറയുക, സ്വയംനിന്ദ തോന്നുക, സ്വഭാവ വൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ, തുടങ്ങിയ അസ്ഥകള്‍ ഉണ്ടായേക്കാം. അതുപോലെതന്നെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കുറയുക, ആത്മഹത്യാപ്രവണത ഏറുക, മടി കാണിക്കുക, പഠനത്തില്‍ പിന്നോട്ടാവുക എന്നിവയെല്ലാം സംഭവിച്ചേക്കാവുന്നതാണ്
2. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അവരെ ചെറുപ്രായത്തിൽ തന്നെ മാനസികമായി വേദനപ്പിക്കുന്നതിന് ഇടയാക്കും. അതുകൊണ്ട് ഇത്തരം ശിക്ഷാരീതികൾ അവരില്‍ വാശി വളര്‍ത്താൻ ഉപകരിക്കുന്നു. ശിക്ഷണം ഒരു മോശമായ പ്രവണതയായി ചെറുപ്രായത്തിൽ തന്നെ കാണുന്നതിനാൽ ഭാവിയിൽ തെറ്റായ ധാർമ്മിക ബോധം അവനിൽ രൂപപ്പെടുത്താൻ ഇടയാക്കുന്നു. ഭീതി ഉയര്‍ത്തി പിടിച്ചു പറ്റാനുള്ളതല്ല ബഹുമാനം. മാതാപിതാക്കളുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും കുട്ടികൾക്ക് കിട്ടേണ്ട ഒന്നാണത്.
3. രക്ഷിതാക്കള്‍ മക്കൾക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. താന്‍ ചെയ്ത ചെറിയ തെറ്റിനുപോലും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത് കുട്ടികൾക്ക് മാതാപിതാക്കളോടുള്ള ദേഷ്യം വര്‍ധിക്കാന്‍ കാരണമാക്കുന്നു. വീണ്ടും വീണ്ടും അവർ ധിക്കരിക്കാന്‍ തയ്യാറാകുന്നു. കുട്ടികളുടെ ആത്മഹത്യ പ്രവണത പോലും സംഭവിക്കുന്നത് ഇതിലൂടെയാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ തെറ്റിനെയാണ് തിരുത്തിക്കേണ്ടത് എന്നറിഞ്ഞ് പെരുമാറുക.
4. രക്ഷിതാക്കളുടെ വഴക്കോ അടിയോ കിട്ടിയ കുട്ടികള്‍ പ്രതിഷേധമെന്നോണം പീഡിപ്പിക്കുന്നത് അവന്റെ തന്നെ ശരീരത്തെയാണ്. പ്രധാനമായും ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിക്ഷേധമായിരിക്കും ആദ്യം നടത്തുക. അതുകൊണ്ട് ശാരിരിക ശിക്ഷാരിതികൾ കുട്ടികളുടെ ആരോഗ്യത്തെയും ഒപ്പം തന്നെ ബൌദ്ധിക വികാസത്തെയും തകരാറിലാക്കുന്നു.
ശാരീരിക ശിക്ഷകൾക്ക് പകരമായി രക്ഷിതാക്കൾക്ക് കുട്ടികളോട് എന്തുചെയ്യാനാവും എന്ന് നോക്കാം…
1. മാതാപിതാക്കള്‍ കുട്ടികളോട് ഓരോയിടത്തും പെരുമാറേണ്ടത് എങ്ങനെയെന്ന് സ്നേഹപൂർവ്വം പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇത് അനവസരത്തിലുള്ള അവന്റെ ചെയ്തികളെ അടക്കിനിര്‍ത്താന്‍ സഹായിക്കുന്നു.
2. കുട്ടികളെ തല്ലുക എന്നതിനെ അപേക്ഷിച്ച് അവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ ഇഷ്ടമുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍, ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് അകറ്റിനിര്‍ത്തുക, പുറത്തുപോയി കളിക്കാൻ അനുവദിക്കാതിരിക്കുക, ഇഷ്ടമുള്ളൊരു സാധനം ആവശ്യപ്പെട്ടാല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക തുടങ്ങിയവ ഒക്കെ ഇതിൽ പെടും.
3. കുഞ്ഞുങ്ങൾ ഒരിക്കലും വെറുതെ ഇരിക്കുവാൻ ആഗ്രഹിക്കുന്നവരല്ല. അവർക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. ആയതിനാൽ തന്നെ അവർക്ക് കൊടുക്കാവുന്ന മറ്റൊരു നല്ല ശിക്ഷയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാനനുവദിക്കാതെ അവരെ അവഗണിച്ച് ഒരു നിശ്ചിതസമയം വെറുതെ ഇരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന രീതിയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാതെ അനങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് നമുക്ക് നിസാരമായി തോന്നാമെങ്കിലും കുഞ്ഞുങ്ങൾക്ക് അത് മാനസികമായി കനത്ത ശിക്ഷയാണ്. തെറ്റായ പെരുമാറ്റ രീതികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ടൈം ഔട്ട് ഫലപ്രദമായ ഒന്നാണ്.
4. ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടിയെ അടിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ ഭവിഷ്യത്ത് പറഞ്ഞു മനസിലാക്കുന്നതും ചെയ്തില്ലെങ്കിലുള്ള ക്ലാസിലെ അനുഭവം ഒരുതവണ അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയുമാണ്. അങ്ങനെ വന്നാല്‍ അവന് തെറ്റില്‍ നിന്നു നേരിട്ട് പഠിക്കാന്‍ അവസരമുണ്ടാകുന്നു. ഭാവിയില്‍ ഈ അനുഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാനും കുട്ടി നിര്‍ബന്ധിതനാകുന്നു.
5. മക്കളെ എപ്പോഴും സന്തോഷവാന്മാരായി നിർത്തുന്നതിലും നല്ല ഭക്ഷണം നൽകുന്നതിലും മാത്രമല്ല കാര്യം, കലാപരമായ കഴിവുള്ളവരെ ആ രീതിയിൽ പ്രോത്സാഹിപ്പിക്കുകയും വേണം. അങ്ങനെ കുട്ടിയെ നല്ലൊരു സാമൂഹ്യ ജീവിയാക്കാൻ കഴിയും. എങ്ങനെ ആളുകളോട് നല്ലരീതിയിൽ പെരുമാറാം എന്ന കാര്യത്തിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധിക്കും.
6. ഒരിക്കലും കുട്ടികളുടെ ചിന്തയെ സ്വാധീനിക്കാൻ ശ്രമിക്കരുത്. അവർ സ്വയം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുകയും നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്തി അതവരെ സമഗ്രതയോടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമയും ശക്തിയും ഉണ്ടാവണം.
7. കുട്ടികളുടെ പ്രവർത്തികൾക്ക് ശിക്ഷകൾ നൽകാൻ തുനിയുന്നതിന് മുൻപ് ശരിയായ രീതിയിൽ നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുകയും കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള മുൻകൈ എടുക്കുകയും ചെയ്യുക. വൈകാരികമായ രീതിയിയിൽ നിങ്ങൾ മക്കളോട് മനസ്സ് തുറന്ന് സംസാരിക്കുന്നത് അവരെ നേർവഴിക്കു നയിക്കാനും കാര്യങ്ങൾ കൂടുതൽ സംഘർഷരഹിതമായി മനസ്സിലാക്കിയെടുക്കാനുംസഹായിക്കും. ഇത്തരത്തിലുള്ള സംസാരങ്ങൾ വഴി അവർക്ക് നിങ്ങളോടുള്ള മാനസിക അടുപ്പം വർദ്ധിക്കുകയും ചെയ്യും.
8. കുട്ടികള്‍ക്ക് നിരന്തരം വിലക്കുകളും ശാസനകളും നല്‍കുന്നത് ഒഴിവാക്കുക. പകരം അവരെ സ്നേഹിക്കുക, അംഗീകരിക്കുക, അഭിനന്ദിക്കുക, സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുക, അതുപോലെതന്നെ ദിശാബോധം നല്‍കി നന്മയിലേക്ക് വളര്‍ത്തുകയുമാണ് ചെയ്യേണ്ടത്.
കുഞ്ഞുങ്ങൾക്ക് ശിക്ഷകൾ നൽകുന്നത് ഒരു രക്ഷകർത്താവിനെ മികച്ചതാക്കുമെന്ന് പലരും അവകാശപ്പെടുന്നു. എന്നാലിത് കുട്ടികളെ വലിയ രീതിയിൽ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. മക്കളുടെ കാര്യത്തിൽ പലപ്പോഴും നാമെല്ലാം ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിന്ന് മാറി ശിക്ഷകർത്താവ് എന്ന നിലയിലേക്ക് വഴിമാറിയിരിക്കുന്നു. കുട്ടികളെ കുട്ടികളായി കണ്ട് അവരുടെ നിലയില്‍ ഇറങ്ങിച്ചെന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. അല്ലാതെ അവരെ വളഞ്ഞിട്ട് തല്ലി അവരുടെ ആത്മവിശ്വാസം കെടുത്തുകയല്ല വേണ്ടത്. അതുകൊണ്ട് കൊച്ചുകുട്ടികളെ തല്ലി വളർത്തുന്നത് ഒന്നിനും ഒരു പരിഹാരമായിരിക്കില്ല. മാത്രമല്ല, ഭാവിയിൽ തലവേദന സൃഷ്ടിക്കുക തന്നെ ചെയ്യും.
നന്ദി. മിന്റാ സോണി (കൌൺസിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനർ ), മൂവാറ്റുപുഴ.
മൊബൈൽ നമ്പർ – 9188446305.