തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി ഐ. എം. ജിയില്‍ നടക്കുന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇവ ഇന്റര്‍ യൂണിവേഴ്സിറ്റി സ്വയംഭരണ സ്ഥാപനങ്ങളായാണ് ആരംഭിക്കുക. പഠനത്തോടൊപ്പം വരുമാനം കൂടി ലക്ഷ്യമിട്ട് ഏണ്‍ ബൈ ലേണ്‍ പരിപാടി നടപ്പാക്കണം. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ തൊഴില്‍ദാതാക്കളായി മാറാന്‍ സഹായിക്കുന്ന വിധത്തില്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും സ്റ്റാര്‍ട്ട്അപ്പ് കേന്ദ്രങ്ങളും ആരംഭിക്കുന്നത് പാഠ്യപദ്ധതിയില്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാഡമിക് നിലവാരം ഉയര്‍ത്താന്‍ പാഠ്യപദ്ധതിയെ സമകാലികവത്ക്കരിക്കാനാകണം.ലോകത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രതിഭകളുടെ സേവനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിന് നേരത്തേ ആവിഷ്‌കരിച്ച എമിനന്റ് സ്‌കോളര്‍ ഓണ്‍ലൈന്‍ എന്ന സേവനം ഉപയോഗിക്കണം. എല്ലാ സര്‍വകലാശാലകളും ചുരുങ്ങിയത് 3.5 നാക് ഗ്രേഡ് നേടുന്ന നിലയെത്തണം. ഇതിന് ഉതകും വിധം അക്കാഡമിക് നിലവാരവും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ വകുപ്പും മികവ് പുലത്തണം. എല്ലാ സ്ഥാപനങ്ങളിലും സമയബന്ധിതമായി പരിശോധന നടത്തണം. പൂര്‍ണമായും ജനാധിപത്യ രീതിയും സ്ഥാപനത്തിന്റെ സ്വയംഭരണവും പരിഗണിച്ചാകണം പരിശോധന. ഇത്തരം പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തേണ്ട മേഖല കണ്ടെത്തി അതിനായി രൂപരേഖ തയ്യാറാക്കണം. ഇത് സമയബന്ധിതമായി പ്രായോഗികമാക്കാനുള്ള ആസൂത്രണവും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.