നിപ പ്രതിരോധം വിജയം: 21 ദിവസങ്ങളില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തില്ല

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും

ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി (IgG) ആന്റിബോഡി യുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 50 ഓളം പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തണം. അതിന് ശേഷം മാത്രമേ കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകളാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. ഈ കാലയളവില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിട്ടയായ പ്രവര്‍ത്തനമാണ് രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായത്. ഇന്‍കുബേഷന്‍ കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍ രോഗം നിയന്ത്രണത്തില്‍ വന്നതായി പ്രഖ്യാപിക്കും. ഈ ദിവസങ്ങളില്‍ ജാഗ്രത തുടരുകയും ചെയ്യണം.

സെപ്റ്റംബര്‍ 4ന് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഹൗസ് ടു ഹൗസ് സര്‍വേയുടെ ഭാഗമായി പഞ്ചായത്തുകളുടെ സഹായത്തോടെ 16,732 വീടുകളും 76,074 ആളുകളെയും സന്ദര്‍ശിച്ചു. 50 പേരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആയി.

മരണപ്പട്ടിക സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചവരെ ഉള്‍ക്കൊള്ളിച്ച് പട്ടിക വിപുലമാക്കും. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കും. വാക്‌സിനേഷന്‍ 91 ശതമാനത്തിന് മുകളിലായി. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് മരണങ്ങളില്‍ 94 ശതമാനത്തോളം വാക്‌സിനെടുക്കാത്തവരിലാണ് സംഭവിക്കുന്നത്. അനുബന്ധ രോഗമുള്ളവരിലും മരണം കൂടുതലാണ്.

ഏതാണ്ടെല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അതത് ജില്ലകിളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇനിയാരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *