മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

Spread the love

post

ഫാര്‍മസി കോളജ് ഡിസംബറില്‍ പൂര്‍ത്തീകരിക്കും
സര്‍ജിക്കല്‍ ബ്ലോക്ക്: കിഫ്ബി ഉന്നത ഉദ്യോഗസ്ഥതല യോഗം വിളിക്കുംസൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, ടെറിറ്ററി കാന്‍സര്‍ സെന്റര്‍, ഇന്‍ഫക്ഷന്‍ ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുംകോട്ടയം: മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രിമാരായ വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്ജ് എന്നിവര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
കോട്ടയം മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയത്. നിര്‍മാണ ഘട്ടത്തിലുള്ള പദ്ധതികളുടെ പുരോഗതി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ വിശദീകരിച്ചു. 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച ഫാര്‍മസി കോളജിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഡിസംബറില്‍ ഉദ്ഘാടനത്തിന് സജ്ജമാക്കും. 16.6 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. കിഫ്ബി പദ്ധതിയില്‍ 136 കോടിയുടെ നിര്‍മാണം നടക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അഞ്ചു നിലകളിലായി പണിയുന്ന കാര്‍ഡിയോളജി ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നബാര്‍ഡില്‍ നിന്ന് 36 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. സര്‍ജിക്കല്‍ സ്റ്റോര്‍ (മൂന്നു കോടി), പാരാ മെഡിക്കല്‍ ഹോസ്റ്റല്‍ ( ആറു കോടി) എന്നിവയാണ് നിലവില്‍ നിര്‍മാണം നടക്കുന്ന മറ്റ് പദ്ധതികള്‍. 564 കോടി രൂപയുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, 11.50 കോടി രൂപയുടെ ടെറിറ്ററി കാന്‍സര്‍ സെന്റര്‍, 1.26 കോടി രൂപയുടെ ഇന്‍ഫക്ഷന്‍ ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അമ്മയും കുഞ്ഞും ആശുപത്രി നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 83 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. ട്രോമ കെയര്‍ സെന്ററിന്റെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കല്‍ ആരംഭഘട്ടത്തിലാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *