പി.പി. ചെറിയാന്‍- അമേരിക്കന്‍ മലയാള മാധ്യമ രംഗത്തെ മുടിചൂടാമന്നന്‍ : തോമസ് കൂവള്ളൂര്‍

Spread the love

Picture

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള മാധ്യമങ്ങളില്‍ എവിടെ നോക്കിയാലും തെളിഞ്ഞു നില്‍ക്കുന്ന പേരാണ് പി.പി. ചെറിയാന്‍. മാധ്യമ പ്രവര്‍ത്തനത്തിന് പി.പി. ചെറിയാന്‍ സാറിനെപ്പോലെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് അമേരിക്കയില്‍ ഇല്ല എന്നു പറയാം. അത്രമാത്രം അവാര്‍ഡുകളാണ് അദ്ദേഹത്തിന്റെ ഓഫീസ് മുറിയെ അലങ്കരിച്ചിരിക്കുന്നത്. അദ്ദേഹത്തെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ കൃതാര്‍ത്ഥനാണ്.

അമേരിക്കന്‍ മലയാള മാധ്യമരംഗത്തെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന ജോയിച്ചന്‍ പുതുക്കുളത്തിന്റെ പിന്‍ഗാമിയെന്നോണം അദ്ദേഹത്തിന്റെ ചിക്കാഗോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോമിലൂടെ അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിവെച്ച പി.പി. ചെറിയാന്‍ Picture2

സാര്‍ ഇന്ന് അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇ-മലയാളി, മലയാളം ഡെയ്‌ലി ന്യൂസ്, ആഴ്ചവട്ടം, കേരളാ ടൈംസ് ഡോട്ട്‌കോം, എക്‌സ്പ്രസ് ഹെറാള്‍ഡ്, മലയാളി മനസ് ഡോട്ട്‌കോം, നേര്‍ക്കാഴ്ച, ഗ്ലോബല്‍ ന്യൂസ്, മലയാളം വാര്‍ത്ത, കേരളാ എക്‌സ്പ്രസ്, ജയ്ഹിന്ദ് വാര്‍ത്ത, അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് പുറത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ദീപിക, മംഗളം, മലയാള മനോരമ, മാതൃഭൂമി, മറുനാടന്‍ മലയാളി എന്നീ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും യുഎസ് മലയാളിയിലും സ്ഥിരമായി വാര്‍ത്തകള്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ്.

അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഒരു പത്രപ്രവര്‍ത്തകന്റെ ലാഘവത്തോടെ പഠിച്ചു മനസിലാക്കി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നോര്‍ക്കണം. പി.പി. ചെറിയാന്‍ സാറിനെപ്പോലെ അമേരിക്കയിലെ മലയാളം വായനക്കാര്‍ക്കുവേണ്ടി ഇത്രമാത്രം സമയം ചെലവഴിക്കുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ല. പ്രതിഫലേച്ഛയില്ലാതെ ജോലി സമയത്ത് ലഭിക്കുന്ന വിശ്രമ സമയത്തും, ജോലിക്കുശേഷവും അദ്ദേഹം സമൂഹത്തിനുവേണ്ടി ചെലവഴിക്കുന്ന സമയം കണക്കിലെടുത്താല്‍ ജോലി സമയത്തേക്കാള്‍ കൂടിയ സമയമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിനും സാമൂഹ്യ പ്രവര്‍ത്തനത്തിനും ചെലവഴിക്കുന്നതെന്ന് കാണാന്‍ കഴിയും.
Picture3
പി.പി. ചെറിയാന്‍ സാര്‍ വെറും ന്യൂസ് മാത്രം എഴുതുന്ന ആളല്ലെന്നും, മാധ്യമരംഗത്ത് സാധാരണക്കാര്‍ കടന്നുചെല്ലാത്ത ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ശരിക്കും പഠിച്ച ഒരു വ്യക്തികൂടിയാണെന്ന് ഈ ലേഖകന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇനി ആരാണ് പി.പി. ചെറിയാന്‍ സാര്‍ എന്നും, എന്തുകൊണ്ടാണ് അദ്ദേഹത്തെ അമേരിക്കന്‍ മലയാള മാധ്യമ രംഗത്തെ “മുടിചൂടാ മന്നന്‍’ എന്നു വിശേഷിപ്പിക്കാന്‍ കാരണമെന്നും പറയട്ടെ. തൃശൂര്‍ നഗരത്തിന്റെ ശില്പിയും പൂരങ്ങളില്‍ ഏറ്റവും വലിയ പൂരത്തിന്റെ ഉപജ്ഞാതാവും, ശക്തനായ ഭരണാധികാരിയുമായ ശക്തന്‍ തമ്പുരാന്റെ നാട്ടില്‍ ജനിച്ചുവളര്‍ന്ന ശക്തനായ ഒരു ജനകീയ നേതാവും, നന്നേ ചെറുപ്പത്തില്‍ തന്നെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ വിദ്യാസമ്പന്നനുമായ ഒരു വ്യക്തിയാണദ്ദേഹം. സാഹിത്യരംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ കാഴ്ചവച്ചിട്ടുണ്ട്. തൃശൂര്‍ക്കാര്‍ക്കിടയില്‍ അദ്ദേഹം ചെറിയാന്‍ പാവൂ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.

തൃശൂരിലെ വിഖ്യാതമായ സെന്റ് തോമസ് കോളജിലും, കേരളവര്‍മ്മ കോളജിലും പഠിച്ച് 1977-ല്‍ അദ്ദേഹം ഫിസിക്‌സ് ഡിഗ്രി പൂര്‍ത്തിയാക്കി. ബി.എസ്.സി കഴിഞ്ഞശേഷം എച്ച്.ഡി.സി, എം.എ എന്നിവയ്ക്കും അദ്ദേഗം ചേരുകയുണ്ടായി. 1969 മുതല്‍ 1979 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ അദ്ദേഹം സജീവാംഗമായിരുന്നു. കോളജ് യൂണിയന്റെ ഭാരവാഹിത്വത്തോടൊപ്പം കോളജ് മാഗസിനിലും, ലോക്കല്‍ പത്രങ്ങളിലും ധാരാളം ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു.

1975 ജൂണ്‍ 25-ന് ഇന്ത്യയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അന്നത്തെ കേരളത്തിലെ ലീഡര്‍ ആയ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പി.പി. ചെറിയാന്‍ എന്ന കഥാപുരുഷന്‍. 1972 സെപ്റ്റംബര്‍ 23-ന് തൃശൂരിലെ ചെട്ടിയങ്ങാടി ജംഗ്ഷനില്‍ വച്ച് അഴീക്കോടന്‍ രാഘവന്‍ കൊലചെയ്തപ്പെട്ടപ്പോഴും ചെറിയാന്‍ സാര്‍ തൃശൂരില്‍ ഉണ്ടായിരുന്നതായും, കൊലപാതക രാഷ്ട്രീയത്തെ അതി നിശിതമായി വിമര്‍ശിച്ചകൂട്ടത്തില്‍ ആയിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട നാടാണ് തൃശൂര്‍ എന്നുള്ളത് കുറെക്കാലം തൃശൂര്‍ പട്ടണത്തില്‍ താമസിക്കാന്‍ അവസരം ലഭിച്ച ഈ ലേഖകന് ഓര്‍മ്മയുണ്ട്.

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ധീരനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. പൊതുവെ ശാന്തനും വിനീതനുമാണെങ്കിലും സത്യത്തിനും, നീതിക്കുംവേണ്ടി സധൈര്യം പോരാടാന്‍ കഴിവുള്ള ഒരു യഥാര്‍ത്ഥ ഗാന്ധിയനാണ് അദ്ദേഹമെന്നുള്ള കാര്യം എടുത്തുപറയത്തക്കതാണ്. അദ്ദേഹത്തെ പോലുള്ള നല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് സമൂഹത്തില്‍ വിരളമാണെന്ന് പറയേണ്ടിയിരിക്കുന്നു.

1979- 81 കാലഘട്ടത്തില്‍ ഇന്ത്യയിലെ പ്രശസ്തമായ അലിഗാര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ നിന്നും റേഡിയോളജിയില്‍ പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് കോളജ് മാഗസിനുകളിലും അദ്ദേഹം എഴുതിയിരുന്നു.

1981-ല്‍ റേഡിയോളജിയില്‍ ബിരുദമെടുത്തശേഷം അദ്ദേഹം കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളായ അമലാ കാന്‍സര്‍ ഹോസ്പിറ്റല്‍, തൃശൂര്‍ മെഡിക്കല്‍ കോളജ്, തൃശൂര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എന്നിവടങ്ങളിലെ റേഡിയോളജി വിഭാഗത്തില്‍ 1995 വരെ ജോലി നോക്കി. 1995-ല്‍ സഹധര്‍മ്മിണി ഓമന ചെറിയാനോടൊപ്പം കേസിയ, കേരന്‍, കെവിന്‍ എന്നീ കുട്ടികളുമായി അമേരിക്കയില്‍ കുടിയേറി.

2005 മുതല്‍ അദ്ദേഹം ടെക്‌സസിലെ സണ്ണി വെയയിലില്‍ താമസമാക്കി. അമേരിക്കയിലെത്തിയശേഷവും അദ്ദേഹം റേഡിയോളജില്‍ ഉന്നത വിദ്യാഭ്യാസം നേടുകയുണ്ടായി.

2010 മുതല്‍ അദ്ദേഹം ഡാളസിലെ കിന്‍ റെഡ് ഹോസ്പിറ്റലില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. തനിക്ക് കിട്ടുന്ന ഒഴിവ് സമയത്തിന്റെ മുഖ്യപങ്കും സമൂഹ നന്മയ്ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഒരു മഹാനാണ് അദ്ദേഹം. അമേരിക്കയിലും ലോകമെമ്പാടും അനുദിനം നടക്കുന്ന പ്രധാന വാര്‍ത്തകള്‍ ശേഖരിച്ച് അവ മലയാളികളായ വായനക്കാരുടെ മുമ്പില്‍ എത്തിക്കുക എന്ന ഭാരിച്ച ജോലിയില്‍ വ്യാപൃതനാണ് അദ്ദേഹം. അമേരിക്കയില്‍ പത്രപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തെപ്പോലെ സമയം ചെലവഴിക്കുന്ന മറ്റൊരു മലയാള പത്രപ്രവര്‍ത്തകന്‍ ഉണ്ടെന്നു തോന്നുന്നില്ല. അതും പ്രതിഫലം പറ്റാതെ.

അമേരിക്കയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ജോയിന്റ് സെക്രട്ടറി, കേരളാ ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകള്‍ക്കു പുറമെ കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സെക്രട്ടറി, ട്രഷറര്‍, പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ ബെസ്റ്റ് റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്, മാധ്യമ രംഗത്തുള്ള പ്രവര്‍ത്തനത്തിന് വേള്‍ഡ് മലയാളി അവാര്‍ഡ്, അമേരിക്കയിലെ മികച്ച പത്രപ്രവര്‍ത്തനത്തിന് കേരളാ പ്രസ് ക്ലബ് അവാര്‍ഡ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് അദ്ദേഹം.

മാധ്യമ രംഗത്തിനുപുറമെ സാമൂഹ്യ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ് പി.പി. ചെറിയാന്‍ സാര്‍. സണ്ണി വെയില്‍ സിറ്റിയുടെ മേയറായ സജി ജോര്‍ജിന്റെ ഇലക്ഷന്‍ കാമ്പയിനില്‍ അദ്ദേഹത്തിന്റെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. സണ്ണി വെയില്‍ സിറ്റിയിലെ ഹൗസ് ഓണേഴ്‌സ് ഹോംസ്റ്റെഡ് അസോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയാണ് അദ്ദേഹം. സാമൂഹ്യ രംഗത്തുള്ള അദ്ദേഹത്തിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ ടെക്‌സസിലെ ഡാളസ് മേഖലയിലുള്ള മലയാളികള്‍ക്കെല്ലാം അറിവുള്ളതാണ്. ഈ ലേഖകന്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അതിന്റെ ഡയറക്ടര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. “ശബ്ദമില്ലാത്തവരുടെ ശബ്ദം’ ആയിരിക്കാന്‍ ഇന്നും ചെറിയാന്‍ സാര്‍ ആഗ്രഹിക്കുന്നു എന്നതിനുള്ള തെളിവാണത്.

മലയാള ഭാഷാസ്‌നേഹിയും, സമൂഹത്തെ ഒന്നായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണദ്ദേഹം. രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുഭാവി ആണെങ്കില്‍ പോലും രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണദ്ദേഹം. ഡാളസിലെ സെന്റ് പോള്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ട്രസ്റ്റി, സെക്രട്ടറി, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുള്ള ആളാണദ്ദേഹം.

ധാരാളം അനുഭവസമ്പത്തുള്ള അദ്ദേഹം അമേരിക്കന്‍ മാധ്യമങ്ങളുടെ ഭാവിയെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.

പി.പി. ചെറിയാന്‍ സാറിനെപ്പോലുള്ള ഒരു നല്ല പത്രപ്രവര്‍ത്തകനെ വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയിലുള്ള ഒരു സംഘടനകളും ഇന്നേവരെ ചെറുവിരലനക്കിയിട്ടില്ലെന്നുള്ളത് ഖേദകരമാണ്. പല മലയാളി സംഘടനാ നേതാക്കളുടേയും മുഖ്യ ലക്ഷ്യം എങ്ങനെയെങ്കിലും നേതൃസ്ഥാനത്ത് കടന്നുപറ്റി രണ്ടു വര്‍ഷം നേതാവായിരിക്കുകയും, അവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ എങ്ങനെയെങ്കിലും വരുത്തുക എന്നതില്‍ കവിഞ്ഞ് വ്യക്തമായ ഒരു കാഴ്ചപ്പാട് ആര്‍ക്കുംതന്നെ ഉള്ളതായി കാണുന്നില്ല.

അമേരിക്കയിലെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റുകളും, മറ്റ് മാധ്യമ പ്രവര്‍ത്തകരും വാങ്ങുന്ന ശമ്പളം എത്രയാണെന്ന് മലയാളികള്‍ മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. മെയിന്‍ സ്ട്രീമില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ശമ്പളം അര മില്യന്‍ ഡോളറില്‍ കുറയാത്തതാണെന്നോര്‍ക്കണം. ഇന്നും അമേരിക്കന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ നിലനില്‍പിനുവേണ്ടി കഷ്ടപ്പെടുന്നു എന്നുള്ള കാര്യം പുറംലോകം മനസിലാക്കിയിട്ടില്ല. ഇന്നും അമേരിക്കന്‍ മലയാള മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ മാത്രം ആശ്രയിക്കുന്ന അവസ്ഥയാണ് തുടര്‍ന്നുകൊണ്ടുപോകുന്നത്. ആ നിലയ്ക്ക് മാറ്റം വരുത്തി എഴുത്തുകാരേയും, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും വളര്‍ത്തിയെടുക്കാനും ജേര്‍ണലിസ്റ്റുകള്‍ക്കും മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കും ശമ്പളം, കുറഞ്ഞത് ഒരു മിനിമം വേജ് എങ്കിലും കൊടുക്കാനുള്ള ഒരു സംവിധാനത്തെപ്പറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുള്ളതുകൂടി ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നു.

അനതിവിദൂര ഭാവിയില്‍ അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന് മാറ്റം വരുമെന്നും, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ ശമ്പളം, തുടക്കത്തില്‍ മിനിമം വേജ് എങ്കിലും കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കാന്‍ പത്ര ഉടമകളും, മറ്റ് പബ്ലിഷിംഗ് കമ്പനികളും ശ്രമം നടത്തുമെന്നും നമുക്ക് പ്രത്യാശിക്കാം.

ശ്രീ പി.പി. ചെറിയാന്‍ സാര്‍ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിര്‍ലോഭം തുടര്‍ന്നുകൊണ്ടുപോകുവാന്‍ ജഗദീശന്‍ അദ്ദേഹത്തിന് ശക്തി പകരട്ടെ എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മംഗളം നേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *