വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ ആശങ്ക സൃഷ്ടിക്കുന്നു: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ അജണ്ടകളും മയക്കുമരുന്നു വിപണികളും ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും ഉണരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

വിശ്വാസികള്‍ക്കായുള്ള കുടുംബക്ഷേമപദ്ധതികൾ കത്തോലിക്കാസഭ കൂടുതല്‍ സജീവമാക്കും: ലെയ്റ്റി കൗണ്‍സിൽ

പ്രെഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഠനത്തിനും അന്വേഷണത്തിനും വിധേയമാക്കണം. സ്വതന്ത്ര സംഘടനകളുടെ രൂപത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇത്തരം തീവ്രവാദഗ്രൂപ്പുകള്‍ സ്വാധീനമുറപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ ആരെന്നുള്ളതും ഇവരുടെ ലക്ഷ്യമെന്തെന്നതും സംശയം ജനിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും കാശ്മീരില്‍ നിന്നും കേരളത്തിലേയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നുവെന്ന സര്‍ക്കാര്‍ കണക്കുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ കടന്നുവരുന്നവരുടെ ലക്ഷ്യമെന്തെന്നുള്ളതില്‍ ദുരൂഹതയുണ്ട്.

രാസലഹരിയുള്‍പ്പെടെ മയക്കുമരുന്നു മാഫിയകള്‍ സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ ലക്ഷ്യംവെയ്ക്കുന്ന നാര്‍ക്കോട്ടിക് വിപണി വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതുതലമുറയുമാണെന്ന് വ്യക്തമാണ്. അതിനാല്‍തന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലൂടെ ലക്ഷ്യമിടുന്ന മയക്കുമരുന്നു വ്യാപാരം വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുവാന്‍ സാധ്യതയേറും. ഭാവിതലമുറയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനമേധാവികളും അദ്ധ്യാപക അനദ്ധ്യാപകരും മാതാപിതാക്കളും സംയുക്തമായി ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ വൈകരുതെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

 

Leave a Reply

Your email address will not be published. Required fields are marked *