സ്കൂൾ തുറക്കാനുള്ള സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും പിന്തുണ

Spread the love

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുൻഗണന എന്ന് മന്ത്രി ശിവൻകുട്ടി.

സ്കൂൾ തുറക്കാൻ ഉള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘടനകൾ പിന്തുണ അറിയിച്ചത്. 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

മേയർമാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗവും ഇന്ന് നടന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. DDE, RDD, AE എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും എയ്ഡഡ് സ്കൂൾ മാനേജർമാരുടേയും യോഗം വിളിച്ചുചേർക്കാൻ DDEമാർക്ക് മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും യോഗങ്ങളിൽ പങ്കെടുത്തു.

ഈ മാസം 20 മുതൽ 30 വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഓരോ സ്കൂളിലും ഒരു ഡോക്ടറുടെ എങ്കിലും സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാർ-സ്വകാര്യ ഡോക്ടർമാരുടെ സേവനം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം. ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.

പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം. പിടിഎ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുമ്പ് പരിശീലനം നൽകുന്ന കാര്യവും പരിഗണനയിലാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *