സഭയുടെ ശക്തി സമുദായത്തിന്റെപിന്‍ബലമാണ് : മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സഭയുടെ ശക്തി സമുദായത്തിന്റെ പിന്‍ബലമാണെന്നും സഭയെ സ്വന്തമായി കാണുമ്പോള്‍ എല്ലാവരും സഹോദരന്മാരായി മാറുമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സംഭാവനകള്‍ സമുദായത്തിനുവേണ്ടി മാത്രമല്ല, പൊതുസമുഹത്തിന്റെ സമഗ്രവികസനത്തിനുവേണ്ടിയുള്ളതാണ്. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ സംഭാവനകള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടുന്നു. എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന പൊതുവേദിയാണ് സഭയെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവസാന്നിധ്യമാകുവാന്‍ സഭാമക്കള്‍ക്കാകണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.

2023ല്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിനെക്കുറിച്ചുള്ള പഠനരേഖ വിശദാംശങ്ങള്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം അവതരിപ്പിച്ചു. പ്രാഥമിക ഘട്ടത്തില്‍ വിവിധ ഇടവകകളിലും സമിതികളിലും സിനഡിന്റെ മുഖ്യപ്രമേയം – കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേഷിതദൗത്യത്തിലും ഒന്നുചേര്‍ന്ന് മുന്നേറുന്ന സഭ- വിചിന്തന വിഷയമാക്കുകയാണ്. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രസ്തുത വിഷയം അവതരിപ്പിക്കപ്പെടുകയും അംഗങ്ങള്‍ പങ്കുവെച്ച ചിന്തകള്‍ ക്രോഡീകരിക്കുകയും ചെയ്തു.

സിഞ്ചെല്ലൂസും ചാന്‍സിലറുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ പ്രൊഫ.ബിനോ പി. ജോസ് പെരുന്തോട്ടം വിഷയാവതരണം നടത്തി. ചര്‍ച്ചകള്‍ക്ക് സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായി. ജോര്‍ജ്കുട്ടി ആഗസ്തി, പി.എസ്. വര്‍ഗീസ് പുതുപ്പറമ്പില്‍, വി. ജെ. തോമസ് വെള്ളാപ്പള്ളി, ജോമോന്‍ പൊടിപാറ, തോമസ് ആലഞ്ചേരി, ബിനോ വര്‍ഗീസ്, ഡോ. ജൂബി മാത്യു, ആന്റണി ആലഞ്ചേരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *