സഞ്ചാര സാഹിത്യ കൃതികൾ മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ടിവി പെട്ടിയിൽ കാഴ്ചകൾ കണ്ടുപോകുന്നതുപോലെയല്ല അനുഭവങ്ങൾ പങ്കുവെക്കുന്ന അറിവിന്റ പുസ്തകങ്ങൾ. ആയിരത്തിലധികം ദീപുകളുള്ള ബാൾട്ടിക്ക് സമുദ്ര പുത്രിയായ ഫിൻലൻഡ് അറിയപ്പെടുന്നത് ഗൾഫ് ഓഫ് ഫിൻലൻഡ് എന്നാണ്. നിലാവിന്റ് നിശബ്തമായ താഴ്വാരങ്ങളിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് “കുഞ്ഞിളം ദീപുകൾ” (ഫിൻലൻഡ്) ലെ കുഞ്ഞക്ഷരങ്ങൾ കുട്ടിവായിച്ചപ്പോൾ അനുഭവപ്പെട്ടത്. സഞ്ചാര സാഹിത്യത്തിൽ മലയാളത്തിന് ലഭിച്ച ആദ്യ കൃതിയാണിത്. കാരൂർ സോമന്റെ ഇംഗ്ലണ്ട്, ഫ്രാൻസ്, ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, ഗൾഫ്, ആഫ്രിക്കയടക്കം ധാരാളം സഞ്ചാര ചരിത്ര കൃതികൾ മറ്റ് സാഹിത്യ കൃതികൾക്കൊപ്പം കേരളത്തിന് ലഭിച്ചിട്ടുണ്ട്. പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിച്ച കെ.പി.ആമസോൺ ഈ ബുക്ക് പബ്ലിക്കേഷന്റെ ഈ കൃതി ലോകമെങ്ങും ലഭ്യമാണ്.
2021 ലെ യൂ.എൻ പട്ടികയിൽ സഞ്ചാരികളുടെ പറുദീസയായ ഫിൻലൻഡ് ലോകത്തെ ഒന്നാം സ്ഥാനത്തു് നിൽക്കുന്ന ഏറ്റവും സന്തോഷഭരിതരായ, കുറ്റകൃത്യങ്ങൾ കുറഞ്ഞ, അഴിമതിയില്ലാത്ത ശാന്തശീലരുടെ രാജ്യമാണ്. ജാതി മത രാഷ്ട്രീയ വൈരം ഇവിടെയില്ല. അവരിലെ മുഖമുദ്ര സ്‌നേഹം, ശാന്തി, സമാധാനമാണ്. ഏതാനം മാസങ്ങൾക്ക് മുൻപ് അവിടുത്തെ വനിത പ്രധാനമന്ത്രി സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്തു് ഭക്ഷണം കഴിച്ചത് മടക്കി വാങ്ങുക മാത്രമല്ല നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തത് പത്രത്താളുകളിൽ വായിച്ചപ്പോൾ പാവങ്ങളുടെ നികുതി പണമെടുത്തു് ജീവിതം ആഘോഷമാക്കുന്ന, ധൂർത്തടിക്കുന്ന ഭരണാധിപന്മാരെ ഒരു നിമിഷം ഓർത്തുപോയി. ഫിൻലൻഡ് ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാണെന്ന് ഇതിലെ ഓരോ അദ്ധ്യായങ്ങളും വായിച്ചപ്പോഴാണ് മനസ്സിലായത്.
വായനയെ ഹ്ര്യദയത്തോടെ ചേർത്ത് വെച്ച് വായിക്കുന്നവർക്ക് അവിടെ പോകാതെ തന്നെ ഫിൻലൻഡിനെ പഠിക്കാൻ സാധിക്കും. ഇതിലെ അദ്ധ്യായങ്ങൾ- കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്ലോസ്, അപ്പുപ്പൻ കഥകളിലെ സാന്താക്ലോസ്, ഹെൽസിങ്കിയുടെ ഹ്ര്യദയ കവാടം, ലോകത്തെ സംഗീത ദൃശ്യവിസ്മയം, നിശ്ശബ്ത ദേവാലയം, കരിങ്കൽ ദേവാലയം, അറ്റെയ്‌ന മ്യൂസിയം, കച്ചവട കണ്ണുള്ള സുന്ദരിമാർ, സൗന്ദര്യം വിളമ്പുന്ന സുമേലിന്ന, കാറ്റിൽ പറക്കുന്ന പാവോ ജോണിസ് നൂർമി തുടങ്ങി ഓരോ അദ്ധ്യായങ്ങളും ഒരധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നതുപോലെ എന്നെയും പഠിപ്പിച്ചു എന്നതാണ് വാസ്തവം. മണ്ണിലെ ചവുട്ടിക്കുഴച്ച മണ്ണിൽ നിന്നല്ല അവിടുത്തെ ഭൂഗർഭ ദേവാലയങ്ങൾ കാണാൻ സാധിച്ചത്. സങ്കുചിത മത താൽപര്യക്കാർ ഇതിനെ എന്തുകൊണ്ട് എതിർത്തില്ല എന്നെനിക്ക് തോന്നി. ആത്മാവിന്റെ പരീക്ഷണ ശാലകൾ. ലോകത്തു് ഇതുപോലുള്ള ദേവാലയങ്ങൾ മറ്റെങ്ങും കാണില്ല. ഇവിടെയൊന്നും നമ്മുടെ ഹിമാലയ പർവ്വതങ്ങളിൽ കാണുന്നതുപോലുള്ള സാഹസികമായ മലകയറ്റമോ സംന്യാസി ഗുഹകളോ പ്രാത്ഥനകളോ കാണാനില്ല.
ഫിൻലൻഡുകാരുടെ സാംസ്കാരിക സമ്പന്നത കണ്ടത് അവിടുത്തെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളൊക്കെ സംഗീത സാഹിത്യ കായിക രംഗത്തുള്ളവരുടെ പേരുകളിലാണ് അറിയപ്പെടുന്നത്. അക്ഷരാർഥത്തിൽ അതെന്നിൽ ഒരവസ്മരണീയ അനുഭവമാണുണ്ടാക്കിയത്. പാശ്ചാത്യ രാജ്യങ്ങളെപ്പറ്റി കുറെ വായിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള പ്രവാസി മലയാളികളിൽ നിന്നും മനസ്സിലാക്കിയത് വികസിത രാജ്യങ്ങളിൽ ഈ രംഗത്തുള്ളവരുടെ വീടുകൾപോലും മ്യൂസിയങ്ങളാണ്. പുസ്തകങ്ങളും വായനയും സംഗീതവുമൊക്കെ അവരുടെ വഴികാട്ടികളായി ഇന്നും തുടരുന്നു. സിനിമ, ജാതി മത രാഷ്ട്രീയമൊന്നും പാശ്ചാത്യരെ അന്ധരാക്കുന്നില്ല.
ദേശാടനക്കിളികളെപോലെ സഞ്ചരിക്കുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാർ ലോകമെങ്ങുമുണ്ട്. ഹ്യൂൻസാങ്ങും മാർക്കോപോളോയും നമ്മുടെ എസ്.കെ. പൊറ്റക്കാടൊക്കെ ആ ഗണത്തിൽപ്പെടുന്നവരാണ്. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തിൽ ഇരുണ്ട ആഫ്രിക്കയടക്കം സാഹസികമായ യാത്രകൾ നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റ തേജസ്സ് വെളിപ്പെടുത്തുന്ന ഈ കൃതി ഒരു കുഞ്ഞിളം ഉറവ പോലെ നീർചാലുകളായി നമ്മിലേക്കൊഴുകി വരുന്നു. ഈ കുഞ്ഞിളം ദീപിലെ നീർചാലുകളിൽ നിന്ന് കുടിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കട്ടെ. ഇതുപോലുള്ള കൃതികൾ കുട്ടികളുടെ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയാൽ അറിവും തിരിച്ചറിവും ലഭിക്കാതിരിക്കില്ല. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് “കുഞ്ഞിളം ദീപുകൾ” ലോകവിജ്ഞാനത്തിന്റ ചെപ്പുതുറന്നു തരുന്നു. ഇതുപോലുള്ള നല്ല സഞ്ചാര സാഹിത്യകൃതികൾ കാരൂർ സോമനിൽ നിന്ന് പ്രതിക്ഷിക്കുന്നു.
ചുനക്കര ജനാർദ്ദനൻ നായർ. ചുനക്കര പി ഒ മാവേലിക്കര.