വിർജീനിയ : ക്രിസ്തു ശിഷ്യന്മാരെ ഏൽപിച്ച പ്രേഷിത ദൗത്യം നിർവ്വഹിക്കാൻ മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഷിക്കാഗോ സീറോമലബാർ രൂപത സഹായമെത്രാൻ ജോയി ആലപ്പാട്ട് ഓർമ്മിപ്പിച്ചു .
വിർജീനിയ സൈന്റ്റ് ജൂഡ് സീറോമലബാർ ചർച്ചിലെ മിഷൻ സൺഡേ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുവിശേഷവത്കരണം വെറും മതപരിവർത്തനം മാത്രമല്ല, മറിച്ചു ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയ രക്ഷയുടെ സുവിശേഷം ശക്തമായി പ്രഘോഷിക്കുകയും ജീവിത സാഹചര്യങ്ങളിൽ അതിനു സാക്ഷ്യം വഹിക്കുകയുമാണ് വേണ്ടതെന്നു അദ്ദേഹം ആഹ്വാനം നൽകി.
ദൈവജനത്തെ നയിക്കുവാനും വിശുദ്ധീകരിക്കുവാനും പഠിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് മെത്രാന്മാർക്കും വൈദികർക്കും ഉള്ളത്. എന്നാൽ അതിനേക്കാൾ ഭാരിച്ച ഉത്തരവാദിത്തമാണ് വിവാഹജീവിതത്തിൽ പ്രവേശിക്കുന്നവർക്കു ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ തൊഴിലുകൾക്കും നിശ്ചിത പഠന യോഗ്യതകളും പരിശീലനങ്ങളും ആവശ്യമായിരിക്കെ, വിവാഹിതരാകുന്നവർക്ക് യാതൊരു പരിശീലനവും ലഭിക്കാത്തതു ആശ്ചര്യകരമാണ് .
ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയും സാമൂഹ്യ ആചാരമെന്നനിലയിലും വികലമായ കാഴ്ചപ്പാടോടുകൂടിയും വിവാഹത്തെ കാണുന്നതാണ് വിവാഹജീവിതത്തിൽ പ്രവേശിക്കാൻ പലരും മടിക്കുന്നതും പല വിവാഹങ്ങളും പരാജയപ്പെടുന്നതെന്നും അദ്ദേഹം വിലയിരുത്തി .
പൗരോഹിത്യ അഭിഷേകത്തിന്റെ നാല്പതാം വാർഷികം പൂർത്തിയാക്കുന്ന മാർ ജോയി ആലപ്പാട്ടിന് സെന്റ്റ് ജൂഡ് ഇടവകയുടെ റൂബി ജൂബിലി ഉപഹാരം ഇടവക വികാരി ഫാ : നിക്കോളാസ് തലക്കോട്ടൂരും അൾത്താരശുസ്സ്രൂഷകരും ചേർന്ന് സമ്മാനിച്ചു
ഷാജു ജോസഫ് രചിച്ച് ജെറീഷ് ജോസ് നിർമ്മിച്ച, കെസ്റ്റർ ഗാനാലാപനം നടത്തിയ സംഗീത ആൽബം മാർ ജോയി ആലപ്പാട്ട് റിലീസ് ചെയ്തു.