കുഞ്ഞുടുപ്പുമായി അനുപമ, സാംസ്കാരിക നായകരെത്തേടി കെ.മുരളീധരൻ (കാരൂർ സോമൻ, ലണ്ടൻ)

Spread the love

കേരളത്തിൽ നടക്കുന്ന ഒരമ്മയുടെ കുട്ടിയുടെ അവകാശങ്ങൾ അവിഹിത ഇടപാടുകൾ ആരിലും അപമാനമാണുണ്ടാക്കുന്നത്. കേരളം ഭരിച്ചവരും ഭരിക്കുന്നവരും മനുഷ്യത്വരഹിതമായ നിലപാട് ഇടപാടുകൾ കാലാകാലങ്ങളിലായി നടക്കുന്നതിന്റെ തെളിവാണ് മുന്നിൽ തെളിയുന്നത്. പുരോഗമന ആശയങ്ങളുള്ള ഒരു പാർട്ടിയിൽ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ് കണ്ടുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ തലപ്പത്തു് തലപ്പാവണിഞ്ഞുകൊണ്ടിരിക്കുന്നവർ ഒരു ജനതയിൽ അരാജകത്വം വളർത്തരുത്. കേരളത്തിലെ സംസ്കാരിക നായകന്മാർ അവധിയിലെന്ന കെ.മുരളീധരൻ എം.പി അധിക്ഷേപിച്ചിട്ടും അവർ മൗനവ്രതം തുടരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുത്തങ്ങ സംഭവം നടന്നു. അന്ന് വലതുപക്ഷത്തു നിന്ന് എത്ര എഴുത്തുകാർ പ്രതികരിച്ചു? അധികാര പുരസ്‌കാര അപ്പക്കഷണത്തിനായി കത്തുകഴിയുന്നവർ പ്രതികരിക്കില്ല.

മാതൃഭാഷയായ മലയാളത്തെപോലും വെട്ടിമുറിച്ചു് വലത്തും ഇടത്തുമാക്കി ഭാഷയുടെ അസ്തിത്വത്തവരെ വികലമായ നിലപാടിലൂടെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കൾ വിനാശത്തിന്റെ വിത്തുകളാണ് ഭാഷയിലും വളർത്തുന്നത്.

കൊല്ലത്തു് സങ്കീർത്തനം പബ്ലിക്കേഷൻ ഉദ്ഘടനം ചെയ്യാൻ ചെന്ന കാക്കനാടൻ മുത്തങ്ങ സംഭവത്തെ അതിരൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. സക്കറിയ പ്രതികരിച്ചു. പെരുമ്പടം ശ്രീധരൻ, റോസ് മേരി അങ്ങനെ പലരുമണ്ടയിരിന്നു. ഞാനും കാക്കനാടനൊപ്പമാണ് അതിൽ സംബന്ധിക്കാൻ പോയത്. ശിശുക്ഷേമ വകുപ്പുകൾപോലുള്ള രാഷ്ട്രീയ സ്ഥാപനങ്ങൾ കേരളത്തിൽ നിന്ന് തുടച്ചുമാറ്റണം. പാവങ്ങളുടെ പണം കൊടുത്തുകൊണ്ട് എന്തിനാണ് രാഷ്ട്രീയ തിമിരം ബാധിച്ചവരെ തീറ്റിപോറ്റുന്നത്. രാഷ്ട്രീയ സംരക്ഷണം അവസാനിപ്പിക്കാതെ കേരളം പുരോഗതി പ്രാപിക്കില്ല.

ഏത് പാർട്ടി അംഗത്വം ഉണ്ടെന്ന് പറഞ്ഞാലും മാറ്റുവിൻ ചട്ടങ്ങൾ എന്ന് പറയാൻ നട്ടെല്ല് മാത്രം പോരാ തലച്ചോറും വേണം. ഏത് സർക്കാരാണെങ്കിലും എഴുത്തുകാരൻ പദവിയും പുരസ്കാരവും തേടിപോയാൽ തൂലികയുടെ തീജ്വാല അവരറിയില്ല. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി അനാഥമായിക്കൊണ്ടിരിക്കും. ആ അനാഥത്വത്തിലേക്കാണ് ഒരു പെൺകുട്ടി കേരള ജനതയുടെ ഉറക്കംകെടുത്തുന്നത്. എഴുത്തുകാരൻ വിലപിക്കുന്നവനോടൊപ്പം നിന്ന് നീതിക്കായി പോരാടേണ്ടവനാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക് സാഹിത്യം പഠിപ്പിക്കുന്ന പാഠങ്ങളാണത്. കേരളത്തിൽ സ്ത്രീകളോടും കുട്ടികളോടും ഇതര രംഗങ്ങളിലും കാട്ടുന്ന നീതിനിഷേധങ്ങൾ കാണുമ്പൊൾ മരവിപ്പ് മാത്രമല്ല ഇരുളും പടരുകയാണ്. ഇരകളായവരിൽ നിന്ന് ഞാനൊരിക്കലും ഓടിപോയിട്ടില്ല. മട്ടുപ്പാവിലിരിക്കുന്നവർക്ക് ഇഷ്ടപുജ നടത്താനോ മാറോടമർത്തി പുണരാനോ പോയിട്ടില്ല. പാവങ്ങൾ ഒഴുക്കുന്ന കണ്ണുനീരിന് മുന്നിൽ നിന്ന് കണ്ണുതുറന്നുതന്നെ ഇന്നും എഴുതുന്നു. മുരളീധരൻ കേരളത്തിലെഎഴുത്തുകാരെ അധിക്ഷേപിക്കുമ്പോൾ അതെ കണ്ണാടിയിലൂടെ എല്ലാം പ്രവാസി എഴുത്തുകാരെ കാണരുത്.

ഞാൻ കരുതിയിരുന്നത് ശക്തമായ അവിഹിത ഇടപാടുകൾ നടക്കുന്നത് കലാ സാഹിത്യ, സാമുദായിക, തൊഴിൽ രംഗങ്ങളിലെന്നാണ്. ഈ രംഗങ്ങളിൽ കുറ്റവാളികളായി കഴിയുന്നവരെ വെള്ളപൂശുന്ന സാഹിത്യ സംഘടനകൾ, ചാനൽ മാധ്യമങ്ങളടക്കം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. എങ്ങും കുത്തിനിറക്കുന്നത് കോടിയുടെ നിറവും വർഗ്ഗിയതയുമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ ഏർപ്പാട് കേരളത്തിൽ ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നമ്മുടെ പൂർവ്വികരായ എഴുത്തുകാർ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ കുരിരുൾ കോട്ടകൾ കെട്ടിപ്പൊക്കാൻ രാഷ്ട്രീയക്കാരെ അനുവദിച്ചിരുന്നില്ല. അതിന്റെ പ്രധാന കാരണം എഴുത്തുകാർ ശക്തമായ നിലപാടുകൾ ഉള്ളവരായിരിന്നു. പാശ്ചാത്യ സാഹിത്യകാരന്മാരെ, കവികളെപോലെ സ്‌നേഹം നുകർന്ന് നൽകിയവരും ദുഖാർത്ഥരായ മനുഷ്യർക്കൊപ്പവുമാണ് സഞ്ചരിച്ചത്. കേരളമിന്ന് മരക്കൊമ്പിൽ കഴുകനും കരയിൽ സിംഹം, കടുവ, പുലി, കുറുക്കൻ, ആന, അണലി എന്ന വിധത്തിൽ സംഹാരതാണ്ഡവമാടുകയാണ്. അതിനുള്ള അവസരങ്ങൾ ഭരണത്തിൽ വരുന്നവർ ചെയ്തുകൊടുക്കുന്നു. മതഭ്രാന്തന്മാരെ കണ്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഭ്രാന്തുള്ളവർ കേരളത്തിൽ വളരുന്നു.

അനുപമക്ക് നീതി കിട്ടണമെന്ന് ആക്ടിങ് സെക്രട്ടറി വിജയരാഘവൻ പറയുമ്പോൾ നീതിനിഷേധമല്ലേ കഴിഞ്ഞ ഒരു വർഷമായി നടന്നത്? ഈ പെൺകുട്ടി കഴിഞ്ഞ ഒരു വർഷമായി എന്തുകൊണ്ട് മൗനിയായിരിന്നു? ഈ പെൺകുട്ടിയുടെ ഭർത്താവിനെപ്പറ്റി പലതും പറയാനുണ്ട്. അന്തസ്സുള്ളവർ അതൊക്കെ ചോദ്യം ചെയ്യും. എന്നാൽ ഒരമ്മയെ കാണുമ്പൊൾ സ്വന്തം കുഞ്ഞിനായി കടന്നുചെല്ലാത്ത സർക്കാർ വാതിലുകളില്ല. അവിടെയെല്ലാം രാഷ്ട്രീയ വാലാട്ടികളെ അവരോധിച്ചിരിക്കുന്നു. ഒരമ്മയുടെ ഉള്ളം പ്രളയാഗ്നിപോലെ വെന്തുരുകുമ്പോൾ അവിടെ സൈബർ ഗുണ്ടകളെയിറക്കി തലയില്ലാത്ത സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നു. ഇത് അത്യന്തം ജടിലവും കുടിലവുമായ രഹസ്യ വെളിപ്പെടുത്തലുകളെ വെളിപ്പെടുത്തുന്നു. സി.പി.എം. കുടുബത്തിലുള്ള ഒരു പെൺകുട്ടിയോടെ ഏറ്റവും വലിയ ക്രൂരത കാട്ടിയപ്പോൾ ഈ പാർട്ടിയിൽ ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥയെന്താണ്? ഹിറ്റ്ലർ ഭരണകാലത്തും നാസികൾ, ആര്യന്മാർ എന്നൊക്കെ പേരിട്ടുകൊണ്ട് പാവങ്ങളെ ആ നരഭോജി കൊന്നൊടുക്കിയിരിന്നു. സ്ത്രീകളെ, പെൺകുട്ടികളെ ചങ്ങലക്കിടാൻ അവരെ അധിക്ഷേപിക്കാൻ കേരളത്തിൽ താലിബാൻ ഭരണമല്ല. ഇത്തരത്തിലുള്ള പ്രത്യശാസ്ത്രത്തിൽ ജീവിക്കുന്നവർ 1930 ലെ റഷ്യൻ സ്റ്റാലിന്റെ ഭരണമോന്നോർക്കുന്നത് നന്ന്. ഇതൊക്കെ കാണിക്കുന്നത് ഭരണത്തിന്റ വിനാശലക്ഷണങ്ങളാണ്.

കഴിഞ്ഞ ഏപ്രിൽ പരാതികൊടുത്തപ്പോൾ എന്തുകൊണ്ട് അതിൽ നീതിപൂർവ്വമായ ഒരു തീരുമാനമെടുത്തില്ല? ലോകപ്രശസ്ത ബി.ബി.സി.വരെ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങളും വ്യഭിചാരവും നടക്കുന്നതായി പറയുന്നു. സ്ത്രീകൾ, കുട്ടികൾ സ്വന്തം വീടുകൾ, ഉദ്യോഗ മണ്ഡലങ്ങൾ എങ്ങും സുരക്ഷിതരല്ല എന്നത് ഒരു ജനത ആത്മനാശത്തിലേക്ക് പോകുന്നതല്ലേ കാണിക്കുന്നത്? എത്രയോ രാഷ്ട്രീയ രംഗത്തുള്ളവരുടെ മൂടുപടങ്ങൾ അഴിഞ്ഞുവീഴുന്നു? ദുഷ്പ്രവർത്തികൾ ചെയ്യുന്ന ദുർമോഹികളെ എന്തുകൊണ്ടാണ് സർക്കാർ തൊഴിലിൽ നിന്ന് പുറത്താക്കാത്തത്? സർക്കാർ സംവിധാനങ്ങൾ പൊലീസ് സ്റ്റേഷനടക്കം സ്ത്രീകളോട്, പരാതിക്കാരോട് കാട്ടുന്ന നീതിനിഷേധങ്ങൾ അവസാനിപ്പിക്കണം. അധികാരമുള്ളതുകൊണ്ട് വാളിന് മുർച്ചകൂട്ടുന്നതുപോലെ നിഷ്ടുരായി മാറരുത്. അത് തുടർന്നാൽ അതെ വാളിനാൽ അധികാരവും തീരുമെന്നത് മറക്കരുത്. അധികാരികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി എങ്ങും നീതിനിഷേധങ്ങൾ, ഭീതി, ഭയം, ആശങ്കകൾ വളരുന്നു. ഇത്തരത്തിലുള്ള ഭീഷണികൾ ഭീകരതക്ക് തുല്യമാണ്. ഏത് പാർട്ടി അംഗമായാലും ആ സ്ഥാപനത്തോടെ സ്‌നേഹമോ ആദരവോ ഇല്ലെങ്കിൽ അത്യാഗ്രഹികളെങ്കിൽ അവരെ സംരക്ഷിക്കാൻ ആസൂത്രിത പ്രതിരോധമല്ല സൃഷ്ഠിക്കേണ്ടത് അതിനെതിരെ പോരാടുകയാണ് വേണ്ടത്. അവരെ പുറത്താക്കി പാർട്ടിയിൽ ശുദ്ധികലശം നടത്തുകയാണ് വേണ്ടത്.

കുഞ്ഞുടുപ്പുമായി മുത്തംകൊടുക്കാൻ കാത്തിരിക്കുന്ന അനുപമയുടെ ചോരക്കുഞ്ഞിനെ മടക്കികൊടുക്കണം അതിനൊപ്പം ചോരക്കണ്ണുകളുമായി ഇതിൽ പ്രവർത്തിച്ചവരെ രക്ഷപ്പെടുത്തരുത്. കേരളത്തിൽ നടക്കുന്ന നീതിനിഷേധങ്ങൾ, ദുഷ്ടത, നിഷ്ടുരകൃത്യങ്ങൾ അവസാനിപ്പിക്കണം. അവിടെ നിന്ന് വമിക്കുന്ന ദുർഗന്ധം വിദേശമലയാളികളെയും ദുഷിപ്പിക്കുന്നുവെന്ന് പത്രസമ്മേളന൦, കവലപ്രസംഗ൦ നടത്തുന്ന രാഷ്ട്രീയ സുവിശേഷകർ, അധികാരദേവഗണങ്ങൾ മനസ്സിലാക്കുക.

(കാരൂർ സോമൻ, ലണ്ടൻ)

Author

Leave a Reply

Your email address will not be published. Required fields are marked *