പ്രളയമേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായമേകി മൃഗസംരക്ഷണ വകുപ്പ്

Spread the love

post

കോട്ടയം: ഉരുള്‍പൊട്ടലും പ്രളയവും മൂലം ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങേകി മൃഗസംരക്ഷണ വകുപ്പ്. കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, പൂഞ്ഞാര്‍ തെക്കേക്കര, പായിപ്പാട് എന്നീ പഞ്ചായത്തുകളില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കോട്ടയം വെറ്റിനറി കേന്ദ്രത്തിന്റെയും ജില്ലാ മൊബൈല്‍ വെറ്ററിനറി ആശുപത്രിയുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്ഷീരസംഘത്തില്‍ അംഗങ്ങളായ കര്‍ഷകരുടെ കന്നുകാലികള്‍ക്കായി ധാതു ലവണ മിശ്രിതം, വിരമരുന്നുകള്‍, മറ്റു ടോണിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ വിതരണം ചെയ്തു.
ചികിത്സ ആവശ്യമായ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സയും സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ കാലിത്തീറ്റയും ലഭ്യമാക്കി. ചീഫ് വെറ്റിറനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തില്‍ ഒരു വെറ്ററിനറി സര്‍ജന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, അറ്റന്‍ഡര്‍ എന്നിവരടങ്ങിയ സംഘമാണ് സേവനം ലഭ്യമാക്കിയത്. മഴക്കെടുതിയുടെ നാശനഷ്ടകണക്കെടുപ്പ് വേളയില്‍ ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ അവസരം ലഭിക്കാതെപോയ കര്‍ഷകര്‍ക്ക് അതിനുള്ള അവസരവും ക്യാമ്പില്‍ ഒരുക്കിയിരുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.റ്റി. തങ്കച്ചന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *