ആനുകൂല്യങ്ങള്‍ക്ക് ഇ ശ്രം പോര്‍ട്ടല്‍; അസംഘടിത മേഖലയിലെ തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ നടത്തണം

Spread the love

post

കാസര്‍കോട് : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ശ്രം പോര്‍ട്ടലില്‍ മുഴുവന്‍ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പിആര്‍ഡി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ വകുപ്പ് നടത്തുന്നത്. ഒരു ലക്ഷത്തില്‍പ്പരം അസംഘടിത തൊഴിലാളികള്‍ ജില്ലയിലുണ്ടെങ്കിലും നിലവില്‍ 10200 തൊഴിലാളികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 5300 അതിഥി തൊഴിലാളികള്‍ ജില്ലയിലുണ്ട്. അവരെ രജിസ്‌ട്രേഷന്റെ ഭാഗമാക്കും. 16നും 59നും ഇടയില്‍ പ്രായമുള്ള ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്തവരും ആദായ നികുതി പരിധിയില്‍ വരാത്തവരുമായ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നിര്‍ബന്ധമായും ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇ ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകളും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.
അസംഘടിത മേഖലയില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍, കര്‍ഷക തൊഴിലാളികള്‍, എല്ലാ സ്ഥാപനങ്ങളിലെയും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്‍/ കോച്ചിങ് കേന്ദ്രങ്ങള്‍ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, അംഗണ്‍വാടി ടീച്ചര്‍, ആയമാര്‍, വീട്ടുജോലിക്കാര്‍, ആശാരിമാര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, പലഹാര നിര്‍മാണ തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, വിതരണക്കാര്‍, കംപ്യുട്ടര്‍ സെന്ററുകള്‍ നടത്തുന്നവര്‍ തുടങ്ങിയ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. തൊഴിലാളികള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒ.ടി.പി ലഭിക്കുന്നതിന് തൊഴിലാളികള്‍ അവരുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. അതില്ലാത്തവര്‍ക്ക് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയതായും. ബാങ്ക് പാസ് ബുക്ക് വിവരങ്ങളും നല്‍കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ജയശ്രീ.എ.കെ അറിയിച്ചു.

ഇ ശ്രം അംഗങ്ങളാകുന്നവര്‍ക്ക് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന മുഖേന രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. ദുരന്ത സാഹചര്യങ്ങളില്‍ ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മറ്റ് സഹായങ്ങളും ലഭ്യമാകും. രജിസ്‌ട്രേഷന്‍ സമയത്ത് തൊഴിലാളികള്‍ക്ക് അവരുടെ മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചതായും ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്, ഐ.ടി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അബ്ദുള്‍സലാം.വി പറഞ്ഞു. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ഹെല്‍പ്പ് ലൈന്‍ 14434, ജില്ലാ ലേബര്‍ ഓഫീസ് കാസര്‍കോട് 04994256950, അസി.ലേബര്‍ ഓഫീസ് കാഞ്ഞങ്ങാട്- 04672204602, അസി.ലേബര്‍ ഓഫീസ് കാസര്‍കോട്- 04994 257850 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *