പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

Spread the love

post

പത്തനംതിട്ട: ജനറല്‍ ആശുപത്രിയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ്, സാംക്രമിക രോഗ അടിയന്തര പരിശോധനാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത അനിവാര്യമായിരുന്ന സമയത്താണ് സംസ്ഥാനത്തെ എട്ട് ആശുപത്രികളെ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. സി.പി.സി.എല്‍ ചെന്നൈയുടെ സഹായത്തോടെ എട്ടില്‍ ഒരു ആശുപത്രിയാകാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് കഴിഞ്ഞു. ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും ശക്തമായിരുന്ന സമയങ്ങളില്‍ പോലും 24 മണിക്കൂറും പ്രവര്‍ത്തനം നടത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രി കാത്ത്‌ലാബില്‍ കഴിഞ്ഞദിവസം വരെയുള്ള കണക്കനുസരിച്ച് 2500 പേര്‍ക്ക് വിജയകരമായി ചികിത്സ നല്‍കിയതായും മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരസഭ ഓക്‌സിജന്‍ പ്ലാന്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.ശിശുമരണ നിരക്കില്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ് കേരളം. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് വളരെ കുറവും മുതിര്‍ന്ന പൗരന്‍മാര്‍ കൂടുതലും ഉള്ളത് കേരളത്തിലാണ്. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസമേഖലയിലെ കുതിപ്പിനു പിന്നില്‍ പതിറ്റാണ്ടുകളായ കൂട്ടായ പ്രവര്‍ത്തനമാണ് കാരണമെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍, പത്തനംതിട്ട നഗരസഭ, സി.പി.സി.എല്‍ ചെന്നൈയുടെ സി.എസ്.ആര്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നടത്തിയത്. ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് പ്ലാന്റുകളാണ്

സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തു തന്നെ അതിവേഗം പൂര്‍ത്തീകരിച്ച ഓക്സിജന്‍ പ്ലാന്റ് ആണ് ഇത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള മെഡിക്കല്‍ സര്‍വീസ് കോ-ഓപ്പറേഷന്‍ എന്നിവയുടെ സാങ്കേതിക സഹായവും പ്ലാന്റിന്റെ നിര്‍മാണത്തിന് ലഭിച്ചു. 1000 ലിറ്റര്‍ പ്ലാന്റ് ട്രൈഡന്റ് ന്യൂമാറ്റിക്സ് എന്ന കമ്പനിയും 500 ലിറ്റര്‍ പ്ലാന്റ് അഗസ്ത്യ എയ്‌റോവര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് വിതരണം ചെയ്തത്. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ് ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ എത്തിച്ചിരുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രതിമാസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 30 ലക്ഷം രൂപ ലാഭിക്കാനാകും.മന്ത്രിയുടെ 2019-2020 ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സാംക്രമിക രോഗ അടിയന്തിര ചികിത്സാകേന്ദ്രം നിര്‍മിച്ചത്. 24 മണിക്കൂറും സേവനം ലഭിക്കുന്ന, കോവിഡ്, കോവിഡ് ഇതര സാംക്രമിക രോഗങ്ങള്‍ക്ക് പ്രത്യേക സംവിധാനത്തോടെ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന സാംക്രമിക രോഗ ചികിത്സാ കേന്ദ്രമാണിത്്. ആറ് നിരീക്ഷണ കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ രണ്ടു കിടക്കകള്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സപ്പോര്‍ട്ടോടു കൂടിയതാണ്. മള്‍ട്ടി പാരാ മീറ്റര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി തീവ്രപരിചരണം ആവശ്യം വരുന്ന രോഗികളെ ചികിത്സിക്കുന്നതിനും വെന്റിലേറ്റര്‍ ഘടിപ്പിക്കുന്നതിനുമുള്ള സംവിധാനം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ ഗുരുതര രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഈ കേന്ദ്രത്തിനു സാധിക്കും.എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പത്തനംതിട്ട നഗരസഭയും ഒറ്റ ലക്ഷ്യത്തിനായി ഏകോപിച്ച് പ്രവര്‍ത്തിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഓക്സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കാനായതെന്ന് നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് ജനറല്‍ ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത അഞ്ച് ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തു. ഇലക്ട്രിക് വീല്‍ചെയര്‍ വിതരണോദ്ഘാടനം കുലശേഖരപതി വല്യപറമ്പില്‍ ജമീല മുഹമ്മദിന് നല്‍കി മന്ത്രി നിര്‍വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *