തിരുവല്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 55 കിലോവാട്ട് സൗരോര്‍ജ നിലയം

post
പത്തനംതിട്ട: കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല ജലഭവനു മുകളില്‍ സ്ഥാപിച്ച 55 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ 80 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടത്താനാകും. ഓഗസ്റ്റില്‍ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ കല്ലിശേരി പ്ലാന്റിന്റെ മേല്‍ക്കൂരയില്‍ 25 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
തിരുവല്ല ജലഭവന്‍ പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി ജലഭവന്‍ തിരുവല്ല, തിരുവല്ല ഡിവിഷന്‍ ഓഫീസിന്റെ പരിധിയിലുള്ള എടത്വാ, ചങ്ങനാശേരി സബ് ഡിവിഷനുകള്‍, നെടുമ്പ്രം, ചങ്ങനാശേരി, കിടങ്ങറ സെക്ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുത ഉപഭോഗത്തില്‍നിന്നും കുറവു വരുത്തുന്ന രീതിയിലാണ് കെഎസ്ഇബിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കല്ലിശേരി സോളാര്‍ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി പമ്പ് ഹൗസിന്റെ വൈദ്യുത ഉപഭോഗത്തില്‍ നിന്നും കുറവു വരുത്തുകയും ചെയ്യും.സൗരോര്‍ജ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി കെഎസ്ഇബിക്കു നല്‍കുന്നതിലൂടെ നിലവിലെ വൈദ്യുത ചാര്‍ജില്‍ കുറവു വരുത്താനാകുമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *