നേപ്പര്‍വില്ലില്‍ വര്‍ണ്ണശബളമായി ദീപാവലി ആഘോഷിച്ചു

Spread the love

ഷിക്കാഗോ: ഈവര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നേപ്പര്‍വില്ലിലുള്ള മാള്‍ ഓഫ് ഇന്ത്യയില്‍ വച്ചു ദീപങ്ങള്‍ക്ക് തിരി തെളിയിച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന വിവിധ കലാപരിപാടികളില്‍ ഷിക്കാഗോയിലുള്ള വിവിധ സംഘടനകള്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായി നേപ്പര്‍വില്‍ മേയര്‍ സ്റ്റീവ് ചിരാക്കോ, ഹാനോവര്‍ പാര്‍ക്ക് മേയര്‍ റോഡ്‌നി ക്രെയ്ഗ്, അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎഇഐഒ) പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് (എഎപിഐ) പ്രസിഡന്റും, ഓക്ബ്രൂക്ക് സിറ്റിയുടെ ട്രസ്റ്റിയുമായ ഡോ. സുരേഷ് റെഡ്ഡി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ‘സ്പിരിറ്റ് ഓഫ് ദീപാവലി’ എന്ന ദീപാവലി ആഘോഷം റിത്വികാ അറോറ, ഹാനി സിന്ധു, വിനോസ് ചാനവാലു, സീതാ ബിലു എന്നിവര്‍ ചേര്‍ന്ന് നടത്തി.

കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ദീപങ്ങളുടെ ആഘോഷമായ ദീപാവലി, കോവിഡ് മൂലം ജനങ്ങള്‍ അനുഭവിച്ച ഇരുളടഞ്ഞ സമയങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്കും, സന്തോഷത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കാന്‍ ഇടയാകട്ടെ എന്ന് ആശംസിച്ചു.

ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന നേപ്പര്‍വില്ലില്‍ നിന്നും, ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ രണ്ടു ദിവസം നീണ്ടുനിന്ന ഷോപ്പിംഗ് ഫെസ്റ്റിവലിലും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികളിലും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *