പ്രകൃതിക്ഷോഭ ബാധിതര്‍ക്ക് കൂടുതല്‍ സഹായം: മന്ത്രി കെ. രാജന്‍

Spread the love

post

കൊല്ലം: സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള തുകയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടി തുക ഉള്‍പ്പെടുത്തി പ്രകൃതിദുരന്ത മേഖലകളില്‍ കൂടുതല്‍ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. പുനലൂര്‍ താലൂക്കില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജലം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമഗ്ര പഠനം നടത്തും. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
മൂന്നാം തവണയാണ് കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പഠനത്തിന് തുടക്കമാകും. ഉരുള്‍പൊട്ടല്‍ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി വിലയിരുത്തും. വിവരങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്തും. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളെ പ്രത്യേകമായി ഉള്‍പ്പെടുത്തി നിയമാനുസൃതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, പി. എസ്. സുപാല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു..

Author

Leave a Reply

Your email address will not be published. Required fields are marked *