തിരുവനന്തപുരം പാച്ചല്ലൂർ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ; രണ്ടു റോഡുകളുടേയും ഓടകളുടെയും പുനർനിർമ്മാണത്തിന് ഒന്നരക്കോടിയോളം രൂപ അനുവദിച്ചു.
തിരുവനന്തപുരം നേമം മണ്ഡലത്തിൽപ്പെട്ട പാച്ചല്ലൂർ പ്രദേശത്ത് താമസിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു വെള്ളക്കെട്ട്.. ദീർഘനാളത്തെ ഈ
പ്രശ്നത്തിൽ സ്ഥലം എംഎൽഎ കൂടിയായ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെടുകയായിരുന്നു. ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായിരുന്ന നേമത്ത് മത്സരിക്കുമ്പോൾ വി ശിവൻകുട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങളിൽ ഒന്നാണ് റോഡുകളുടെയും ഓടകളുടെയും പുനരുദ്ധാരണവും വെള്ളക്കെട്ട് ഒഴിവാക്കലും.
തെരഞ്ഞെടുപ്പ് ജയിച്ച് മന്ത്രി ആയതിനുശേഷം വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കി. ഇതിനുപിന്നാലെയാണ് റോഡുകളുടെയും ഓടകളുടെയും പുനരുദ്ധാരണത്തിന് പണം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.
വെണ്മനക്കൽ – കന്യാർനട – പുലയൻ വിളാകം റോഡും ഓടയും പാച്ചല്ലൂർ കെഎസ്ഇബി – ചുടുകാട് റോഡും ഓടയുമാണ് പുനർനിർമ്മിക്കുന്നത്. ഇതിനായി ഒന്നരക്കോടിയോളം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. റോഡുകളുടെയും ഓടകളുടെയും പുനർനിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.