കേന്ദ്രം നല്‍കിയ നക്കാപ്പിച്ച സൗജന്യം പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല: എംഎം ഹസന്‍

Spread the love

ഇന്ധനനികുതി കുറച്ച് നാക്കാപ്പിച്ച സൗജന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ ചില്ലിക്കാശിന്റെ നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം നികുതി കുറച്ചപ്പോള്‍ സ്വാഭാവികമായി ഇവിടെ വില കുറഞ്ഞതിനെ സംസ്ഥാന സര്‍ക്കാര്‍ നികുതികുറച്ചമട്ടില്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്.

കോവിഡ് കാലത്ത് പരിയാരത്ത് മോഷണം നടത്തിയ കള്ളന്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണാഭരണവും പണവും തിരികെ നല്‍കി മാതൃക കാട്ടിയപ്പോള്‍, കള്ളന്റെ സത്യസന്ധതയെങ്കിലും കൊട്ടാരക്കരയിലെ ബാലഗോപാല്‍ കാട്ടണം.കേന്ദ്രവും സംസ്ഥാനവും നികുതി കൊള്ള അവസാനിപ്പിക്കുന്നതുവരെ യുഡിഎഫ് ശക്തമായസമരം നടത്തുമെന്നും ഹസ്സന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കിലും കേരള സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. അടുത്തകാലത്ത് 18355 കോടി രൂപയാണ് ഇന്ധന നികുതി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചത്. എന്നാല്‍ ഒരു രൂപ പോലും ഇന്ധന നികുതി കുറയ്ക്കില്ലെന്ന് പറയുന്ന ധനമന്ത്രി ഷൈലോക്കിന്റെ മറ്റൊരു രൂപമാണ്. ഇന്ധന വില വര്‍ധനവിനെതിരെ സമര പരമ്പരകള്‍ നടത്തിയ സിപിഎം കേരള സര്‍ക്കാരിനോട് നികുതി കുറയ്ക്കണ്ടെന്ന് ഉപദേശിക്കുന്നത് പരിഹാസ്യമാണെന്നും ഹസ്സന്‍ പറഞ്ഞു.

ഒന്നാം മേദിസര്‍ക്കാരിന്റെ കാലത്ത് 2014-15ല്‍ ഇന്ധന നികുതി ഇനത്തില്‍ 72160 കോടിയാണ് ലഭിച്ചതെങ്കില്‍ 2020-21ല്‍ 3.35 ലക്ഷം കോടിയാണ് കേന്ദ്രവരുമാനം. 300 ശതമാനം നികുതി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ നക്കാപ്പിച്ച സൗജന്യം പ്രഖ്യാപിച്ചത്. ഇത് ജനത്തിന് ആശ്വാസം പകരുന്നതല്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസ്സുമായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ് നിന്നപ്പോഴാണ് ഇത്രയും രൂപയുടെ വില വര്‍ധനവ് സര്‍ക്കാര്‍ നടത്തിയ്. ഭീകരമായ നികുതിക്കൊള്ള നടത്തിയ ശേഷമാണ് ഇപ്പോള്‍ ഇന്ധനവിലയില്‍ നേരിയ കുറവ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പൊടിക്കൈമാത്രമാണിത്. യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യം കൂടികണക്കിലെടുത്താണ് നികുതിയില്‍ നേരിയ ഇളവ് വരുത്താന്‍ മോദി തയ്യാറായത്. പാചകവാതകത്തിനും മണ്ണയ്ക്കും കുത്തനെയാണ് വിലവര്‍ധിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *