നവംബര്‍ 8 അന്താരാഷ്ട്ര റേഡിയോളജി ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം എക്‌സ്‌റേ വിഭാഗങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടന്നു കഴിഞ്ഞു. ബാക്കിയുള്ള ആശുപത്രികളിലെ എക്‌സ്‌റേ വിഭാഗങ്ങള്‍ കൂടി ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര റേഡിയോളജി ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1895 നവംബര്‍ 8 നാണ് വില്യം റോണ്‍ജന്‍ എക്‌സ്‌റേ കണ്ടുപിടിച്ചത്. അതിപ്പോള്‍ 126 വര്‍ഷം പിന്നിട്ടു. വൈദ്യശാസ്ത്ര ലോകത്തെ ഏറ്റവും മഹത്തായ ഒരു കണ്ടുപിടിത്തത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ആരോഗ്യ രംഗത്തും റേഡിയോളജി വിഭാഗം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഈ കാലഘട്ടത്തിനിടയില്‍ റേഡിയോളജി വിഭാഗത്തിലെ ഒട്ടേറെ പദങ്ങള്‍ സുപരിചിതമാണ്. സ്‌കാനിംഗ്, എക്‌സ്‌റേ, സി.ടി സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയോടൊപ്പം തന്നെ രോഗചികിത്സ വിഭാഗമായ റേഡിയോ തെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നിവയൊക്കെ കേരളത്തിലെ ആരോഗ്യ മേഖലയിലും സര്‍വസാധാരണമായിക്കഴിഞ്ഞു.
എക്‌സ്‌റേ പരിശോധനകളുടെ പ്രസക്തി ഈ കോവിഡ് മഹാമാരിക്കാലത്തും കണ്ടതാണ്. കോവിഡ് മൂര്‍ച്ഛിച്ച രോഗികളുടെ ചികിത്സയില്‍ ഈ പരിശോധനകള്‍ വളരെയേറെ സഹായിച്ചു. അന്താരാഷ്ട്ര റേഡിയോളജി ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകളിലെ റേഡിയോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.