പദ്ധതിക്കെതിരെ കഴിഞ്ഞയാഴ്ച രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു
തിരു:കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഇമൊബിലിറ്റി പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പിന്മാറാന്‍ തീരുമാനിച്ചത് അഴിമതി കൈയോടെ കണ്ടുപിടിച്ചതിന്റെ ജാള്യം കൊണ്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നപ്പോള്‍ അതിലെ അഴിമതി കയ്യോടെ പിടിച്ചത് കാരണം നടപ്പിലാക്കാനായില്ല. ഈ മാസം രണ്ടിനു വീണ്ടും പദ്ധതി രഹസ്യമായി നടപ്പിലാക്കാനുളള ശ്രമവും രമേശ് ചെന്നിത്തല പുറത്ത് കൊണ്ട് വരുകയും പദ്ധതി നടപ്പിലാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കഴിഞ്ഞയാഴ്ച കത്ത് നല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകണ്ട എന്ന നിര്‍ദേശം ഉണ്ടായിരിക്കുന്നത്. ഈ പദ്ധതിയെ ചുറ്റിപ്പറ്റി ഒട്ടേറെ ക്രമക്കേടും, ദുരൂഹതകളും ആദ്യംമുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ
നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരു ചോദ്യത്തിന് പോലും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗതാഗതവകുപ്പ് മന്ത്രിയെപ്പോലും ഇരുട്ടില്‍ നിറുത്തിയാണ് ഇതുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും മുഖ്യമന്ത്രി കൈക്കൊണ്ടത്. സെബി കരിമ്പട്ടികയില്‍പ്പെടുത്തിയ പിഡബ്ലിയുസി എന്ന സ്ഥാപനത്തെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തതിനെതിരെ പ്രശാന്ത് ഭൂഷണ്‍ അടക്കം രാജ്യത്തെ പ്രമുഖ നിയമജ്ഞര്‍ പിണറായി വിജയന് കത്തെഴുതിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി .യുടെ നവീകരണത്തിന്റെ മറവില്‍ വന്‍തീവെട്ടിക്കൊള്ളയ്ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായി. അഴിമതിയും, ക്രമക്കേടും ഇത്ര വ്യവസ്ഥാപിതമായി നടപ്പിലാക്കിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ വേറെ ഇല്ല. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ മെഗാപദ്ധതിയും ഒന്നുകില്‍ കമ്മീഷന്‍ തട്ടുന്നതിനോ അല്ലെങ്കില്‍ അഴിമതിക്കോ വേണ്ടി മാത്രമായിരുന്നു. ഡിസ്റ്റിലറി ബ്രുവെറി വിഷയം, സ്പ്ലിംഗ്ലര്‍ ആരോഗ്യ ഡാറ്റാ കരാര്‍, ബെവ്ക്യു ആപ്പ്, പമ്പാ മണല്‍കടത്ത്, ആഴക്കടല്‍ മത്സ്യബന്ധനകരാര്‍, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി എന്നിങ്ങനെ അഴിമതി മുന്‍നിറുത്തി കൊണ്ടുവന്ന പല പദ്ധതികളും പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്ന് പിണറായി സര്‍ക്കാരിന് യൂടേണടിക്കേണ്ടിവന്നു. ഇമൊബിലിറ്റി പദ്ധതി ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. കെ.എസ്.ആര്‍.ടി.സി.യുടെ ആധുനികവല്‍ക്കരണത്തിനോ, നവീകരണത്തിനോ ആരും എതിരല്ല എന്നാല്‍ അതിന്റെ പേരില്‍ വന്‍ കൊള്ള നടത്താനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇനിയും മൗനം അവലംബിക്കാതെ പരസ്യമായ കുറ്റസമ്മതം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.