ഇന്ധനവിലയില്‍ ദൈനംദിന വര്‍ദ്ധനക്കൊടുവില്‍ ചെറിയ ആശ്വാസം. രാജ്യത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന എണ്ണവില വര്‍ദ്ധനക്കെതിരായ ജനകീയ മുന്നേറ്റത്തിന്റെ വിജയം. രാജ്യത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത തിരിച്ചടിയില്‍ നിന്നുണ്ടായ ഭയപ്പാടില്‍ യു.പി. തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു മുഖംമിനുക്കല്‍. മോദിയുടെ നിലപാട് മാറ്റത്തെ ഇങ്ങിനെ വിലയിരുത്താം. ജനവിരുദ്ധതയുടെ അങ്ങേയറ്റം എത്തിനില്‍ക്കുന്ന
ഭരണാധികാരികളെ തിരുത്താനുള്ള ഏകമാര്‍ഗ്ഗം തെരുവിലിറങ്ങുക എന്നതു തന്നെയാണ്. ജനങ്ങളെ അണിനിരത്തി ചെറുത്ത് നില്പ് സംഘടിപ്പിക്കുക എന്നത് മാത്രമാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ മോദി ഭമണത്തിനേറ്റ പരാജയം, ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നത് ഒന്നുമാത്രം, ബി.ജെ.പി.യെ തുരത്തണമെങ്കില്‍ അധികാര ഭ്രഷ്ടരാക്കുക എന്നതാണ്. ഇന്നത്തെ താത്കാലിക ഇളവില്‍ ആശ്വസിക്കുന്ന ഓരോ മനുഷ്യനും അറിയാം ഈ വിലനിയന്ത്രണം
യു.പി. തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കുമെന്ന്. രാജ്യത്തെ തിരിച്ചറിവുള്ള ജനത ഈ സത്യം അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പി.യുടെ ഹിന്ദി മേഖലയിലെ
ഏറ്റവും വലിയ തിരിച്ചടിക്കാണ് യു.പി. തെരഞ്ഞെടുപ്പിലൂടെ രാജ്യം കാത്തിരിക്കുന്നത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്വപ്നതുല്യമായ തിരിച്ചു വരവിന് ഉത്തര്‍പ്രദേശ് തയ്യാറെടുക്കുകയാണ്. ഇതിന്റെ സൂചകമാണ് പ്രിയങ്കയെ കേള്‍ക്കാന്‍ ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍.
കേന്ദ്രം എക്സൈസ് തീരുവ കുറച്ച് നികുതിയിളവ് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ഭരണം സംസ്ഥാന നികുതിയില്‍ ആശ്വാസ നടപടി സ്വീകരിക്കമെന്ന് പ്രതീക്ഷിച്ചു. നാഴികക്ക് നാല്പതുവട്ടവും കേന്ദ്രവിരുദ്ധ പ്രസംഗം നടത്തുന്നവരാണല്ലോ ഇടതുപക്ഷം. കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചാല്‍ ആനുപാതികമായ ഇളവെങ്കിലും പിണറായിക്കു നടപ്പാക്കുവാനായില്ലെങ്കില്‍ എന്തു പറഞ്ഞ് പിടിച്ചു നില്ക്കും? രാഷ്ട്രീയ ഭേദമന്യേ കേരളം ആ പ്രഖ്യാപനത്തിനായി കാത്തുനിന്നു. ധനമന്ത്രിയുടെ പ്രസ്താവനയോടെ ഇടതുപക്ഷത്തിന്റെ സമീപനം ജനത്തിനു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എത്രമാത്രം വിഷമിച്ചാണ്
ധനമന്ത്രി ബാലഗോപാല്‍ ഗവര്‍മെന്റിന്റെ വാദം സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്ന് അതു കേട്ടുനിന്നവര്‍ക്കറിയാം. കേരളം ഭരിക്കുന്നത് ഇടതുപക്ഷമല്ല പിണറായി വിജയനാണ്. കേരളത്തിലെ മന്ത്രിമാര്‍ മാത്രമല്ല, സി.പി.എം. സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കാനം രാജേന്ദ്രന്‍ വരെ ഏകാധിപത്യ ഭരണാധികാരിക്കു മുന്നില്‍ ഭയാനകമായ മൗനം പാലിക്കുന്നു. ഈ മൗനം അപകടകരമാണ്. ‘യുവത്വത്തിന്റെ തുടിപ്പ്’ എന്ന മേമ്പൊടി ചേര്‍ത്ത് ഭരണപരിജ്ഞാനമുള്ളവരെ മുഴുവന്‍ മാറ്റി നിര്‍ത്തിയതിന്റെ പിറകിലുള്ള പിണറായിയുടെ രാഷ്ട്രീയ കുശാഗ്രബുദ്ധി കേരളം കണ്ടിറിയുകയാണ്. കേരളം മുഴുവന്‍ എതിര്‍ത്താലും പിണറായി വിജയന്റെ നിലപാടു മാത്രമാണ്. കേരളത്തില്‍ നടപ്പാക്കൂ എന്നതിന്റെ വിളംബരം. പിന്നിട്ട വര്‍ഷങ്ങളില്‍ ഇടതുപക്ഷ സഹയാത്രികനായി
എ.കെ.ജി. സെന്റര്‍ കയറിയിറങ്ങിയ ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകളിലുണ്ട് എ.കെ.ജി. സെന്ററിലെ ഭീതിപ്പെടുത്തുന്ന മൗനം. കേരളത്തിലെ ഇടതുപക്ഷത്തിന് ഇനിയെങ്ങിനെയാണ് മോദിക്കെതിരെ ആത്മാര്‍ത്ഥമായി സംസാരിക്കാനാവുക? എങ്ങിനെ നിങ്ങള്‍ക്ക് മനുഷ്യക്കോട്ടയും ചങ്ങലയും സൃഷ്ടിക്കാനാകും? എങ്ങിനെയിനി ചക്രസ്തംഭന സമരങ്ങള്‍ സംഘടിപ്പിക്കാനാകും? നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മില്‍ അശേഷം പോലും ബന്ധമില്ലെന്നും കാപട്യത്തിന്റെ മുഖംമൂടിയാണ് നിങ്ങളുടേതെന്ന് കേരളം തിരിച്ചറിയാന്‍ തുടങ്ങി. നിങ്ങളുടെ നിലപാടിലൂടെ കേരളത്തെ ബോദ്ധ്യപ്പെടുത്തുന്നത് ഇതുതന്നെയാണ്.
രണ്ടുവര്‍ഷമായി ജോലിയും വരുമാനവുമില്ലാതെ തീ തിന്നു കഴിയുകാണ് മലയാളി സമൂഹം. കോവിഡിന്റെ ദുരിതം ഇപ്പോഴും പെയ്തു തീര്‍ന്നിട്ടില്ല. ഇവരില്‍ നിന്നാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം പറഞ്ഞ് 125 കോടി രൂപ പെറ്റിയടിച്ച് പോലീസ് പിണറായിക്കു സമ്മാനമായി നല്‍കിയത്. മോദിയുടെ എണ്ണവില വര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന് കൈവന്ന അധിക നികുതി വരുമാനം എത്രയാണെന്ന് വെളിപ്പെടുത്താന്‍ ധനമന്ത്രി തയ്യാറാകുമോ? നിങ്ങള്‍ ഇന്നലെകളെ മറന്നു പോകരുത്. ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുമ്പോള്‍ ലോകമാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചപ്പോള്‍ രാജ്യത്തുണ്ടായ എണ്ണവില വര്‍ദ്ധനയില്‍ നിന്നും കേരളത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ അധിക നികുതി വരുമാനം 6 തവണ വേണ്ടെന്നുവെച്ചു. ഉമ്മന്‍ചാണ്ടി അന്നെടുത്ത നിലപാട് ഇടതുപക്ഷം ഓര്‍ക്കുന്നത് നല്ലതാണ്. അന്ന് നിങ്ങള്‍ കേരളത്തില്‍ നടത്തിയ സമരത്തിന്റെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ കാണാം. ദേശാഭിമാനിയെങ്കിലും ഒന്നു മറിച്ചുനോക്കണം. ഓര്‍മ്മകളുണ്ടായിരിക്കണം.
വിപ്ലവ ബഹുജന പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന സി.പി.എം ഏകാധിപത്യത്തിലെക്ക് മാറപ്പെടുകയാണ്. കേരളാമന്ത്രിസഭക്ക് ഇന്ന് കൂട്ടുത്തരവാദിത്വമില്ല, കൂട്ടായ ചര്‍ച്ചകളില്ല, അഭിപ്രായ സ്വാതന്ത്ര്യമില്ല. ഫലയുകളില്‍ ഒപ്പിടുക എന്നത് മാത്രമാണ് മന്ത്രിമാരുടെ ജോലി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരു വിപ്ലവപാര്‍ട്ടിക്ക് ഇങ്ങിനെയും തിരിഞ്ഞു നടക്കാന്‍ സാധിക്കുമോ? കേരളഭരണം കുടുംബാധിപത്യം ആകരുത്. ജനങ്ങളുടെ ജീവിതദുരിതം അവിടെ ചര്‍ച്ചക്കു വരണം. തിരുത്തലുകളുണ്ടാവണം. ഇടതുപക്ഷം ജനവിരുദ്ധരാകരുത്. രാഷ്ട്രീയ ഭേദമന്യേ കേരളം ആവശ്യപ്പെടുന്നു. ഇന്ധന വിലവര്‍ദ്ധനവിലൂടെ നിങ്ങളുടെ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന അധിക നികുതി വരുമാനത്തില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ഇളവ് നല്‍കണം. അല്ലാത്ത പക്ഷം അത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്.
ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സ് മുന്നോട്ടു വരും. അസഹ്യമായ വില വര്‍ദ്ധനവിനെതിരെ കേരളത്തിലെ തെരുവുകളില്‍ രൂപപ്പെട്ടു വരുന്ന ജനകീയ പ്രതിഷേധത്തിന്റെ കുന്തമുന ഇനി നിങ്ങളിലേക്കായിരിക്കും. ജീവിക്കാന്‍ പാടുപെടുന്ന ജനവിഭാഗം തെരുവിലിറങ്ങി വന്ന് പ്രതിഷേധക്കടല്‍ തീര്‍ത്താല്‍ ആ ജനവികാരത്തില്‍ നിന്നും നിങ്ങള്‍ക്ക് ഓടിയൊളിക്കാനാവില്ല. ഇടതുപക്ഷത്തിന്റെ കാപട്യത്തെ ജനം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകതന്നെ ചെയ്യും. തെരുവില്‍ നിന്നുള്ള സമരത്തിലൂടെയാണ് രാഷ്ട്രീയ നേതൃത്വം രൂപപ്പെടുന്നത്. അത് മറക്കരുത്. ജനഹിതത്തെ ഇകഴ്ത്തരുത്. ഏകാധിപത്യ മനോഭാവത്തെ അനുവദിക്കരുത്. കേരള സംസ്ഥാനത്തെ എല്ലാക്കാലത്തേക്കും നിങ്ങള്‍ക്ക് തീറെഴുതിത്തന്നിട്ടില്ലെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കുക. രണ്ടാമതും സംഭവിച്ച കൈപ്പിഴയെ ഇപ്പോള്‍ സ്വയം ശപിക്കുകയാണ് കേരള ജനത. ജനതയുടെ ഇച്ഛക്കനുസരിച്ച് കോണ്‍ഗ്രസ്സ് സമരസജ്ജമാവുകയാണ്. നിങ്ങള്‍ സ്വയം തിരുത്തലിന് വിധേയമാവുന്നില്ലെങ്കില്‍ ജനകീയ പ്രതിഷേധത്തിനു മുന്നില്‍ നിങ്ങള്‍ മുട്ടുമടക്കേണ്ടി വരും.