ബീഡി വ്യവസായ മേഖലയിലെ പ്രതിസന്ധി

Spread the love

എൻ .കെ .അക്ബർ

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും ചട്ടം 304 അനുസരിച്ച് ബഹു. എം.എല്‍.എ ശ്രീ.എന്‍.കെ. അക്ബര്‍ ഉന്നയിച്ച 11.11.2021 – ന് മറുപടി പറയേണ്ട സബ്മിഷന്‍ – ബീഡി വ്യവസായ മേഖലയിലെ പ്രതിസന്ധി’ – സംബന്ധിച്ച്

സംസ്ഥാനത്തെ പരമ്പരാഗത മേഖലകളില്‍ ഒന്നായ ബീഡി വ്യവസായ മേഖല നിലവില്‍ കടുത്ത
പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ
ബീഡിയുടെ വരവും പുകയില ഉല്‍പ്പന്നങ്ങള്‍
ഉപയോഗിക്കുന്നതില്‍ നിന്നും സമൂഹം
പിന്തിരിഞ്ഞതും ഈ മേഖലയെ കടുത്ത
പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ ബീഡി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളിലുമാണ്.
ബീഡി മേഖലയിലെ പ്രതിസന്ധി കാരണം മുമ്പ് ബീഡി മേഖലയില്‍ നിലനിന്നിരുന്ന പല പ്രധാനപ്പെട്ട ബീഡി കമ്പനികളും ഇന്ന് വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ മറ്റു പല വ്യവസായങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്.
കണ്ണൂരിലുള്ള സഹകരണ സ്ഥാപനമായ ദിനേശ് ബീഡി ഇതിനേറ്റവും വലിയ ഉദാഹരണമാണ്.
എങ്കിലും നിലവില്‍ ബീഡി മേഖലയെ ആശ്രയിച്ച് ഉപജീവനം നിര്‍വ്വഹിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്.
ഇത്തരം തൊഴിലാളികളുടെ ഉപജീവനോപാധി ബീഡി തെറുപ്പ് മാത്രമാണ്.
ഇത്തരം തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.
ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ ആയിരം രൂപ വീതം ബീഡി മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനമായി വിതരണം ചെയ്യുകയുണ്ടായി, കൂടാതെ പരമ്പരാഗത മേഖലയിലെ വ്യവസായം എന്ന
രീതിയില്‍ ബീഡി മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായമായി ഇന്‍കം സപ്പോര്‍ട്ട് സ്കീം അനുസരിച്ച് 3700/- (മൂവായിരത്തി എഴുന്നൂറ്) രൂപ വീതം നിലവില്‍ നല്‍കി വരികയാണ്.
ബീഡി മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ഈ മേഖലയില്‍ ഏര്‍പ്പെടുത്തിയ
ജി.എസ്.ടി. യാണ്.
ബീഡി ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും കൂടിയ
ജി.എസ്.ടി. നിരക്ക് ആയ 28 ശതമാനം ഏര്‍പ്പെടുത്തിയതു കാരണം പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ബീഡി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍
ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടു
നില്‍ക്കുകയും ചെയ്യുന്ന പ്രവണതയും കണ്ടു വരുന്നു.
ജി.എസ്.ടി. നിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര
ധനകാര്യ മന്ത്രി അദ്ധ്യക്ഷനും എല്ലാ
സംസ്ഥാനങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍
അംഗങ്ങളായിട്ടുള്ള ജി.എസ്.ടി. കൗണ്‍സിലാണ്.
അതുകൊണ്ടു തന്നെ സംസ്ഥാനങ്ങള്‍ക്ക്
മാത്രമായി ജി.എസ്.ടി. നിരക്കില്‍ മാറ്റം
വരുത്തുവാന്‍ കഴിയുന്നതല്ല.
സംസ്ഥാനത്തിന് പുറത്തു നിന്ന് നികുതി വെട്ടിച്ചു ബീഡി കൊണ്ട് വരുന്നതു തടയുന്നതിനു
സംസ്ഥാന നികുതി വകുപ്പ് കര്‍ശനനടപടികള്‍ സ്വീകരിച്ചു വരുന്നു.
ഇത്തരത്തിലുള്ള നിരവധി കേസുകള്‍ സംസ്ഥാന ചരക്കു സേവന നിക്തി വകുപ്പ് ഇന്‍റലിജന്‍സ്
വിഭാഗം കണ്ടെത്തുകയും ജി.എസ്.ടി.
നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുകയും
ചെയ്തിട്ടുണ്ട്.
പുകയില മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനും തൊഴില്‍ ലഭ്യത ഉറപ്പ്
വരുത്തുന്നതിനും വേണ്ടി കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം
സര്‍ക്കാരിന് ഒടുക്കുന്ന വില്‍പ്പന നികുതി/ചരക്ക് സേവന നികുതി പ്രവര്‍ത്തന മൂലധനമായി
ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ മടക്കി
നല്‍കാറുണ്ട്.
2016-17 വര്‍ഷത്തില്‍ 8 കോടി രൂപയും 2017-18
വര്‍ഷത്തില്‍ 4 കോടി രൂപയും കൂടാതെ 2017-18 സാമ്പത്തിക വര്‍ഷം ജി.എസ്.ടി ഇനത്തില്‍ കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്രം സഹകരണ
സംഘം സര്‍ക്കാരിലേക്ക് ഒടുക്കിയ നികുതിയുടെ അടിസ്ഥാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം
5 കോടി രൂപയും ബീഡി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിലേക്ക് മടക്കി നല്‍കിയിട്ടുണ്ട്.
ബീഡി മേഖലയിലെ പ്രതിസന്ധി കാരണം
ബുദ്ധിമുട്ടിലായ തൊഴിലാളികളെ സഹായിക്കുന്നിന് വേണ്ടി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ 20
കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഈ തുക ഉപയോഗിച്ച് ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്കും
അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും ആശ്വാസപ്രദമാകുന്ന രീതിയില്‍ നിരവധി പദ്ധതികളാണ് ബീഡി & സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് നടപ്പിലാക്കി വരുന്നത്.
ഇത്തരം തൊഴിലാളികളെ പൂര്‍ണ്ണമായും
സംരക്ഷിച്ചുകൊണ്ടുള്ള ഒരു സമീപനം തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചു
വരുന്നത്.
ബീഡി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ബീഡി മേഖലയെ ഉയര്‍ത്തിക്കൊണ്ടു
വരുന്നതിനും ഉതകുന്ന രീതിയില്‍ എല്ലാ
തരത്തിലുമുള്ള സഹായം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അറിയിച്ചുകൊള്ളുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *