ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

ഓരോ ശ്വാസവും വിലപ്പെട്ടത്: നവംബര്‍ 12 ലോക ന്യൂമോണിയ ദിനം

തിരുവനന്തപുരം: ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് (SAANS) പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി മാസം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം

വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും താമസിച്ച് ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ എന്നതാണ് ഈ വര്‍ഷത്തെ ന്യൂമോണിയ ദിന സന്ദേശം. അണുബാധ കാരണം ഏറ്റവുമധികം പേരെ

മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്‍ ന്യൂമോണിയ തടയാന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കി വരുന്നു. ഇപ്പോള്‍ ഈ വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്.

എന്താണ് ന്യൂമോണിയ?

അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ന്യൂമോണിയ. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയോ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടു കൂടിയോ ന്യൂമോണിയ പ്രത്യക്ഷപ്പെടാം. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ന്യൂമോണിയക്ക് കാരണമാകുന്നത്.

ആര്‍ക്കൊക്കെ ന്യൂമോണിയ വരാം

ആര്‍ക്കു വേണമെങ്കിലും ന്യൂമോണിയ വരാമെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികളേയും പ്രായമായവരേയും സി.ഒ.പി.ഡി, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരേയും പ്രതിരോധശേഷി കുറഞ്ഞവരേയുമാണ് കൂടുതലും ബാധിക്കുന്നത്.

ന്യൂമോണിയ വരാന്‍ പ്രധാന കാരണം

ന്യൂമോണിയ വരുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വായു മലിനീകരണം. 5 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ജനനസമയത്തെ ഭാരക്കുറവും, മാസം തികയാതെയുള്ള ജനനവും ന്യൂമോണിയ്ക്കും അതു മൂലമുള്ള മരണത്തിനും സാധ്യത ഉണ്ടാക്കുന്നു.

രോഗലക്ഷണങ്ങള്‍

ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയര്‍ക്കല്‍, വിറയല്‍, ക്ഷീണവും സ്ഥലകാലബോധമില്ലായ്മയും (പ്രത്യേകിച്ച് പ്രായമായവരില്‍) എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍.

ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. അത് രക്തത്തില്‍ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങള്‍ക്കും ശ്വാസകോശാവരണത്തിലെ നീര്‍ക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചേക്കാം. അതിനാല്‍ തന്നെ ആരംഭത്തിലെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *