കോഴഞ്ചേരി സ്വദേശി അമേരിക്കയില്‍ വെടിയേറ്റ് മരിച്ച സംഭവം: 15-കാരന്‍ അറസ്റ്റില്‍

Spread the love

മെസ്‌കിറ്റ്:  അമേരിക്കയില്‍ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തില്‍ 15 വയസ്സുകാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരന്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ ടെക്സസ് പോലീസ് കൊലക്കുറ്റം ചുമത്തി.

മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തിയിരുന്ന കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന്‍ മാത്യു (സജി-56) ഇന്നലെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് 1.40-ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചുകയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

കുവൈത്തില്‍ ജോലിചെയ്തിരുന്ന സാജനും കുടുംബവും 2005-ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡാലസ് കൗണ്ടിയിലെ മെസ്‌കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്. രണ്ടുമാസം മുമ്പുവരെ എല്ലാദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജന്‍, മൂത്തമകളുടെ വിവാഹശേഷം ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്.

ചെറുകോല്‍ ചരുവേല്‍ പരേതരായ സി.പി. മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്. കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷമാണ് സാജന്‍ വിദേശത്തേക്കുപോയത്.

Leave a Reply

Your email address will not be published. Required fields are marked *