പരമാവധി സ്ഥലങ്ങളില്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം: ധനമന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍

പത്തനംതിട്ട: പരമാവധി സ്ഥലങ്ങളില്‍ മൈക്രോ ബ്രാഞ്ച് അടക്കമുള്ള കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ ഏനാദിമംഗലം ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിശ്വാസ്യതക്ക് പകരംവയ്ക്കാന്‍ കെഎസ്എഫ്ഇയെപ്പോലെ മറ്റൊന്നില്ലെന്നും ജില്ലയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് കുതിച്ചുചാട്ടം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുരംഗത്ത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചിട്ടിനടക്കും എന്ന ആശയം മുന്നോട്ട് വച്ചത് കെഎസ്എഫ്ഇയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിട്ടി കമ്പനി എന്ന രീതിയിലാണ് കെഎസ്എഫ്ഇ അറിയപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ട ജില്ലയില്‍ കെഎസ്എഫ്ഇക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. സര്‍ക്കാരിനും പൊതുമേഖലയ്ക്കും പ്രാധാന്യമുള്ള, സാധാരണക്കാരന്റെ പണം തട്ടിക്കൊണ്ട് പോകില്ലെന്ന് ഉറപ്പുള്ള ധനകാര്യസ്ഥാപനമാണ് കെഎസ്എഫ്ഇ എന്നും മന്ത്രി പറഞ്ഞു.കെഎസ്എഫ്ഇ ചരിത്രത്തിലെതന്നെ വലിയമുന്നേറ്റമാണ് കഴിഞ്ഞകാലങ്ങളില്‍ നടത്തിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ പറഞ്ഞു. വലിയ ധനകാര്യസ്ഥാപനങ്ങള്‍ പോലും കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോള്‍ സംസ്ഥാനത്ത് കെഎസ്എഫ്ഇ 70ഓളം ബ്രാഞ്ചുകള്‍ ആരംഭിക്കുകയും ഇതിലൂടെ 2019-20 കാലഘട്ടത്തില്‍ ഇരട്ടിയോളം ഇടപാടുകളുടെ വര്‍ധനവാണ് കൈവരിച്ചതെന്നും എംഎല്‍എ പറഞ്ഞു. അടൂര്‍ മദര്‍ തെരേസാ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.പി. ഉദയഭാനു ചിട്ടിയുടെ ആദ്യ തവണസംഖ്യ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഭാരവാഹി ഷേര്‍ലി ഷൈബുവില്‍ നിന്ന് ഏറ്റുവാങ്ങി.

Leave Comment