നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസ ധനസഹായം നല്‍കും: മന്ത്രി ജെ. ചിഞ്ചു റാണി

പത്തനംതിട്ട: ജില്ലയില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി ആശ്വാസ ധനസഹായം നല്‍കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ മാസം ഉണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ട ജില്ലാതല വിതരണോദ്ഘാടനം കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാശനഷ്ട കണക്കുകള്‍ പരിശോധിച്ച് അടിയന്തര ആശ്വാസ ധനസഹായം നല്‍കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ധനസഹായത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ട ധനസഹായമാണ് ഇപ്പോള്‍ നല്‍കുന്നത്. മൃഗങ്ങള്‍ക്കും പരിപാലന കേന്ദ്രങ്ങള്‍ക്കും നാശനഷ്ടമുണ്ടായാല്‍ അവ രണ്ടും ചേര്‍ത്താണ് ധനസഹായം നല്‍കുക. അടിയന്തര പ്രാധാന്യം നല്‍കിയാണ് വകുപ്പ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. നഷ്ടങ്ങളുണ്ടായവരെ കണ്ടെത്താനും ആശ്വാസ ധനസഹായം നല്‍കാനും പുതിയ പശുക്കളെ ഉള്‍പ്പെടെ നല്‍കാനുമുള്ള സംവിധാനം സര്‍ക്കാരും വകുപ്പും ഒരുമിച്ച് ചേര്‍ന്ന് നടപ്പാക്കും.ജില്ലയ്ക്ക് വെറ്ററിനറി ആംബുലന്‍സ് ലഭ്യമാക്കി. മൃഗങ്ങള്‍ക്ക് അസുഖം വന്നാല്‍ വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനായാണ് മൊബൈല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഉപകാരപ്രദമായ ടെലി വെറ്ററിനറി സര്‍വീസ് ആണിത്. രാത്രിയിലും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി യൂണിറ്റ് എല്ലാ ബ്ലോക്ക് പഞ്ചായത്തിലും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.എല്ലാ കര്‍ഷകരുടെയും പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാനുള്ള പദ്ധതി കൊണ്ടുവരും. കാലിത്തീറ്റ നിരക്ക് വര്‍ധന കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 30 ടെലി വെറ്ററിനറി ആംബുലന്‍സ് കേരളത്തില്‍ വരാന്‍ പോകുകയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് അടുത്ത ഒന്നര മാസത്തിനുള്ളില്‍ ആംബുലന്‍സ് സര്‍വീസ് നടപ്പാക്കും. വ്യത്യസ്ത പരിപാടികള്‍ കൊണ്ടുവന്ന് മൃഗസംരക്ഷണ മേഖല മികച്ച രീതിയില്‍ കൊണ്ടുപോകാനും പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീരകര്‍ഷകരെ സഹായിക്കാനും ക്ഷീര ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുമുള്ള എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയില്‍ ഒക്ടോബര്‍ 16 മുതല്‍ 22 വരെ മൃഗസംരക്ഷണ മേഖലയില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തിന്റെ ഭാഗമായി ധനസഹായം നല്‍കിയത്. 6,25,900 രൂപയാണ് ആദ്യഘട്ടമായി ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. 24,100 രൂപയുടെ ധനസഹായത്തിന്റെ പത്രിക ജോസഫ് കൊച്ചുമഠത്തും മുറിയിലിന് മന്ത്രി നല്‍കി ധനസഹായ വിതരണം ആരംഭിച്ചു. വെറ്ററിനറി സര്‍ജന്‍മാരുടെ അക്കൗണ്ടില്‍നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ധനസഹായമായി ലഭ്യമാക്കും. കോട്ടാങ്ങാല്‍ പഞ്ചായത്തിലെ 91,600 രൂപയുടെയും ഓമല്ലൂര്‍ പഞ്ചായത്തിലെ 56,200 രൂപയുടെയും ധനസഹായമാണ് ജില്ലാതല വിതരണത്തില്‍ നല്‍കിയത്.

Leave Comment