പുഴ പരിപാലന രേഖ അവതരിപ്പിച്ച് ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ശില്‍പശാല

പാലക്കാട്: പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും ഷൊര്‍ണൂരിന് ശേഷമുള്ള ഭാരതപ്പുഴതട പ്രദേശവും ക്രിട്ടിക്കല്‍ ഏരിയകളായി പരിഗണിച്ചുള്ള പുഴ പരിപാലന രേഖ ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി രണ്ടാംഘട്ട ശില്‍പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി.
14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കി ജില്ലാ പഞ്ചായത്ത് രൂപം കൊടുക്കുന്ന ബഹുവര്‍ഷ പദ്ധതി രൂപരേഖയായ ‘പുഴ പരിപാലനത്തിന് ജനകീയ സമിതികള്‍’ ശില്‍പശാലയില്‍ അവതരിപ്പിച്ചു. ജനകീയ സമിതിയില്‍ ഭരണസമിതി അംഗങ്ങള്‍, ബഹുജന സംഘടനാ പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. ഈ സമിതി ബന്ധപ്പെട്ട പുഴയുടെ പരിസരങ്ങളിലൂടെ ഭൂദൃശ്യ യാത്ര നടത്തി പുഴ പരിപാലനത്തിന് ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കും.
ശാസ്ത്രീയമായ ഭൂവിനിയോഗത്തിനും ജലപരിപാലനത്തിനും സ്ഥായിയായ കാര്‍ഷിക ഉല്‍പ്പാദനത്തിനും സാധ്യമായ തരത്തില്‍ ഭാരതപ്പുഴ തടത്തിലെ സ്ഥല ജലപരിപാലന പ്രവര്‍ത്തികളും മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്തണം. ഇതിനായി സമഗ്രമായ സൂക്ഷ്മ നീര്‍ത്തടാധിഷ്ഠിത പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഇതിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ ഭൂപ്രദേശത്തെ ഒരു നീര്‍ച്ചാല്‍ തെരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജലസംരക്ഷണ സാങ്കേതിക സമിതികള്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാനും ശില്‍പശാലയില്‍ ധാരണയായി.

Leave Comment