ഇനിയും ഐടി ജീവനക്കാരെ വേണം; പുതിയ വികസന കേന്ദ്രം തുറന്ന് ഫിന്‍ജെന്റ്

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഐടി കമ്പനി ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരിച്ച് കൂടുതല്‍ ജീവനക്കാരെ തേടുന്നു. കാമ്പസിലെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍ 250 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന 16,500 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് കേന്ദ്രമാണ് ഫിന്‍ജെന്റ് തുറന്നിരിക്കുന്നത്. പ്രൊഡക്ട് ഡെവലപ്‌മെന്റ്, ഡിസൈന്‍ തിങ്കിങ്, ക്രിയേറ്റീവ് ടെക്‌നോളജി ഡെവലപ്മന്റ് എന്നിവയ്ക്കാണ് പുതിയ കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത്.

ഐടി മേഖലയില്‍ തൊഴില്‍ പരിചയുള്ള നൂറോളം വിദഗ്ധരേയും പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ 50 പുതിയ ജീവനക്കാരേയും പുതുതായി റിക്രൂട്ട് ചെയ്യാനാണ് ഫിന്‍ജെന്റിന്റെ പദ്ധതി. ബെംഗളുരു, പൂനെ, ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ നിന്ന് ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ തിരിച്ചെത്തി ഇവിടെ തന്നെ ജോലി തുടരാന്‍ ആഗ്രഹിക്കുന്ന ഐടി വിദഗ്ധര്‍ക്ക് ഫിന്‍ജെന്റ് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഫിന്‍ജെന്റിന് ഇന്ത്യയില്‍ നാല് റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് കേന്ദ്രങ്ങളാണുള്ളത്. ഇവയില്‍ മൂന്നും കൊച്ചിയിലാണ്. ഐടി, ഐടി ബിപിഎം രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച 75 തൊഴിലിടങ്ങളില്‍ ഒന്നായി ആഗോള എജന്‍സിയായ ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് ഫിന്‍ജെന്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

മഹാമാരിക്കു ശേഷമുള്ള പുതിയ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന് ഞങ്ങള്‍ വളരെ മുമ്പ് തന്നെ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ നാലാമത് റിസര്‍ച് ആന്റ് ഡെവലപ്‌മെന്റ് കേന്ദ്രം തുറന്നത് ഇതിന്റെ ഭാഗമായാണ്. കോവിഡ് കാലത്തും വിവിധ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഫിന്‍ജെന്റ് മുിലായിരുന്നു,’ ഫിന്‍ജെന്റ് സിഇഒയും എംഡിയുമായ വര്‍ഗീസ് സാമുവല്‍ പറഞ്ഞു. യുഎസ് ആസ്ഥാനമായ സോഫ്റ്റ്വെയര്‍ കമ്പനിയായ ഫിന്‍ജെന്റിന് ഇന്ത്യയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലുമായി നിലവില്‍ അഞ്ഞൂറോളം ജീവനക്കാരുണ്ട്.

റിപ്പോർട്ട്  :   ASHA MAHADEVAN (Account Executive)

Leave Comment