കോഴിക്കോട്: ആഗോള ഐടി ഭൂപടത്തില്‍ കോഴിക്കോടിന് പുതിയ നേട്ടം. ഗവ. സൈബര്‍ പാര്‍ക്കിലെ മോസിലര്‍ ടെക്‌നോളജീസ് വികസിപ്പിച്ച ‘കുക്കിയെസ്’ എന്ന അപ്ലിക്കേഷന്‍ ആഗോള കുക്കി കംപ്ലയന്‍സ് ടെക്‌നോളജി വിപണിയില്‍ ഒന്നാമതെത്തി. 23 ശതമാനമാണ് കുക്കിയെസിന്റെ വിപണി വിഹിതമെന്ന് വെബ് ടെക്ക്‌നോളജി അനലിറ്റിക്‌സ് കമ്പനിയായ വാപ്പലൈസര്‍ റിപോര്‍ട്ട് പറയുന്നു. ഈ രംഗത്തെ അതികായരായ യുഎസ് കമ്പനി വണ്‍ ട്രസ്റ്റിനെ കടത്തിവെട്ടിയാണ് മോസിലറിന്റെ ഈ നേട്ടം. വണ്‍ ട്രസ്റ്റിന്റെ വിപണി വിഹിതം 19.4 ശതമാനമാണ്.
ടൊയോട്ട, റെനോ, റോയ്‌റ്റേഴ്‌സ്, കെഎഫ്‌സി, ഡൊമിനോസ് തുടങ്ങി ബഹുരാഷ്ട്ര ഭീമന്‍ കമ്പനികള്‍ തൊട്ട് ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍ വരെ മോസിലര്‍ വികസിപ്പിച്ച കുക്കിയെസ്, വെബ്‌ടോഫി എന്നീ അപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവരുന്നു. ലോകത്തൊട്ടാകെ 13 ലക്ഷത്തോളം വെബ്‌സൈറ്റുകളില്‍ ഇവ ഉപയോഗിക്കുന്നുണ്ടെന്ന് മോസിലോര്‍ സിഇഒ അന്‍വര്‍ ടി കെ പറഞ്ഞു. വിപണി വിഹിതത്തില്‍ ഒന്നാമതെത്തിയ കുക്കിയെസിന് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് റിവ്യൂ പ്ലാറ്റ്‌ഫോമായ ജി2 നല്‍കുന്ന 2021ലെ ഹൈ പെര്‍ഫോമര്‍ അവാര്‍ഡും ലഭിച്ചു. പ്രൈവസി നിയമങ്ങള്‍ കടുപ്പിച്ച് യുറോപ്യന്‍ യൂനിയന്‍ പുതിയ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ (ഡിജിപിആര്‍) എന്ന നിയമം കൊണ്ടുവന്ന 2018ലാണ് ഡേറ്റ പ്രവസി മാനേജ്‌മെന്റ് സംരഭമായി മോസിലോറിന് തുടക്കമിട്ടത്.
ഇന്ത്യയില്‍ വിവര സുരക്ഷാ നിയമം വരുന്നതും ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സമാന നിയമങ്ങള്‍ കൊണ്ടുവരുന്നതും കുക്കിയെസിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുമെന്നും അന്‍വര്‍ പറഞ്ഞു.
ഡിജിപിആര്‍ പോലുള്ള കര്‍ശന വിവര സുരക്ഷാ നിയമങ്ങള്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുന്നത് കമ്പനികള്‍ നേരിടുന്ന വെല്ലുവിളിയാണ്. ഈ ജോലി അവര്‍ക്ക് എളുപ്പമാക്കി കൊടുക്കുകയാണ് കുക്കിയെസിലൂടെ മോസിലര്‍ ചെയ്യുന്നത്. വെബ് കുക്കികള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യതാ നിയമങ്ങള്‍ പാലിക്കാന്‍ വെബ്‌സൈറ്റുകളെ സഹായിക്കുന്ന സാസ് (സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്) അപ്ലിക്കേഷനാണ് കുക്കിയെസ്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പ്ലഗ്ഇനുകളാണ് വെബ്‌ടോഫി വികസിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റ് നിര്‍മാണ പ്ലാറ്റ്ഫോമായ വേഡ്പ്രസിലെ മികച്ച 50 പ്ലഗിനുകളില്‍ ഒന്നാണ് വെബ്‌ടോഫി.
കോഴിക്കോട് എന്‍ഐടിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററില്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് ഇപ്പോള്‍ ഗവ. സൈബര്‍പാര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ലണ്ടനില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പത്തിലേറെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 54 അംഗ സംഘമാണ് കമ്പനിയുടെ കരുത്ത്. മികച്ച വളര്‍ച്ചയുള്ള കമ്പനിക്ക് കൂടുതല്‍ വിദഗ്ധരെ ജോലിക്കെടുത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive)