ഒമിക്രോണ്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം ജീനോമിക് സര്‍വയലന്‍സ് നേരെത്തെ തന്നെ തുടര്‍ന്നു വരികയാണ്. ജിനോമിക് സര്‍വലന്‍സ് വഴി കേരളത്തില്‍ ഇതുവരേയും ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5 ശതമാനം പേരുടെ സാമ്പിളുകള്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.

നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്.

നിലവില്‍ 96 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 64 ശതമാനത്തോളം പേര്‍ രണ്ടാം ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താന്‍ മതി. വാക്‌സിന്‍ എടുക്കാന്‍ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രണ്ടാം ഡോസ് വാക്‌സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്‌സിനെടുക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുന്നതാണ്.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളില്‍ ഓക്‌സിജന്‍ സ്വയംപര്യാപ്തത കൈവരിക്കാനായി.

അട്ടപ്പാടിയില്‍ ആരോഗ്യ വകുപ്പും എസ്.ടി. വകുപ്പും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പരമാവധി സൗകര്യമൊരുക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച ചികിത്സാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

ദത്ത് നടപടിയില്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പറ്റി പ്രചരിക്കുന്നത് ഊഹാപോഹമാണ്. വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *