ചില മനുഷ്യരുണ്ട് ഭൂമിയില്‍, അവരുടെ ജീവിതവും വീക്ഷണങ്ങളും, പ്രവൃത്തിയും സമൂഹത്തെ അതിയായി സ്വാധീനിക്കുകയും, നമുക്ക് ചുറ്റുമുള്ള ഓരോ പ്രവര്‍ത്തികളിലും അവരുടെ വെളിച്ചം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. അമേരിക്കയിലെ സാംസ്‌കാരിക രംഗത്ത് നിലനില്‍ക്കുന്ന അത്തരം മനുഷ്യരെക്കുറിച്ചാണ് ഈ കുറിപ്പ്. ഒരിടത്തു മാത്രം നിലനില്‍ക്കാതെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്കും ജീവിതങ്ങളിലേക്കും അവര്‍ കടന്നു ചെല്ലും. സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ അതുല്യ പ്രതിഭാധനരായി ശോഭിച്ച് നില്‍ക്കുന്ന അത്തരം മനുഷ്യര്‍ നമ്മുടെ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും പൊതു സ്വത്താണ്.
അവരെക്കുറിച്ച് അറിയേണ്ടത്തും പറയേണ്ടതും നമ്മുടെ കടമയാണ്.
ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ച് നവംബര്‍ 11 മുതല്‍ 14 വരെ നടന്ന കോണ്‍ഫറന്‍സിന് ചുക്കാന്‍പിടിച്ചവരാണ് അവര്‍. ഒട്ടേറെപ്പേര്‍ കോണ്‍ഫറന്‍സിനായി പ്രയത്‌നിച്ചു. നമ്മുടെ സംവേദനശീലങ്ങളെ തലകീഴ്‌മേല്‍ മറിക്കുകയും ആദരവിന്റെയും, വിനയത്തിന്റെയും അന്തര്യാമിയായ ചാരുതയും, ചരിത്രകാരന്റെ നിര്‍മ്മലതയും, കലാകാരന്റെ വേദനയുമൊക്കെയുള്ള, പല ശീലുകളും കോണ്‍ഫറന്‍സില്‍ അരങ്ങേറി. 9-ാമത് വാര്‍ഷിക കോണ്‍ഫറന്‍സിന്റെ ഈ വിളവെടുപ്പ്, സന്തോഷഭരിതമായ രംഗങ്ങളിലൂടെയും, ആശങ്കപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുകളുമായി പരിണമിക്കുന്നതും നാം കണ്ടതാണ്. നവീനമായ മാധ്യമരൂപങ്ങളുടെ പത്ര/മാസിക/ടെലിവിഷന്‍/ഓണ്‍ലൈന്‍ ആവിര്‍ഭാവവും, വളര്‍ച്ചയും, നൂതന പ്രവണതകളുമൊക്കെയായി, മാധ്യമ വിമര്‍ശനത്തിന്റെയും, വൈജ്ഞാനിക ഭാവങ്ങളുടെയും, വികാസ പരിണാമ ഗാഥകള്‍ എന്നിവയുടെ പ്രദര്‍ശന വേദിയെന്ന നിലയിലാണ് ഇന്‍ഡ്യ പ്രസ് ക്ലബിന്റെ ഈ കോണ്‍ഫറന്‍സിനെ നാം നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ ഈ രംഗത്തെ മുടിചൂടാമന്നന്മാരായ ചിലരെ ഓര്‍ക്കാതിരിക്കുവാന്‍ കഴിയുകയില്ല.
ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന്, ഇതിനെ നയിച്ച ബിജു കിഴക്കേക്കുറ്റിനെയാണ് ആദ്യം ഞാൻ സമീപിച്ചത്. ‘ഒന്നിനും ഒരു കുറവുണ്ടായില്ല…അദ്ദേഹം പ്രതികരിച്ചു’
ചിക്കാഗോയിലും ന്യൂജേഴ്‌സിയിലും എത്രയോ കോണ്‍ഫറന്‍സുകള്‍ നടന്നിരിക്കുന്നു. ക്‌നാനായ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ ജനകീയ പ്രസ്ഥാനങ്ങളുള്‍പ്പെടെ എല്ലാം വിജയിച്ചു. പങ്കെടുക്കുന്ന ആള്‍ക്കാരുടെ വലിപ്പത്തിലല്ല. എത്ര പേര്‍ക്ക് എഴുത്തും വായനയും സംവേദന ശൈലിയുമറിയാം എന്നതിനെക്കൂടി ഉദ്ദേശിച്ചാണ് കോണ്‍ഫറന്‍സുകള്‍ വിജയിക്കുന്നത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യെ വിളിച്ചു. സന്തോഷകരമായി സമ്മേളനത്തില്‍ പങ്കെടുത്തു. എല്ലാവരോടും കുശലാന്വേഷണം നടത്തി. ഗൗരവതരമായ ചര്‍ച്ചകളില്‍ വിസ്മയത്തോടു കൂടി മാത്രമേ അദ്ദേഹത്തെ കാണാനാവൂ. ജനാധിപത്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞ് പ്രേമചന്ദ്രന്‍ വാചാലനായി. പാലാ എം.എല്‍.എ മാണി സി. കാപ്പനും കഥകള്‍ മെനഞ്ഞ് മനുഷ്യരെ കയ്യിലെടുത്തു. അങ്കമാലി എം.എല്‍.എ റോജി എം. ജോണും ചടുലമായി ചര്‍ച്ചകളില്‍ പങ്കെടുത്തു.
വിവിധ മേഖലകളിലുള്ള മാധ്യമ സുഹൃത്തുക്കളും എല്ലാ സുഹൃദ് സംഘങ്ങളിലും ഭാഗഭാക്കായി. എല്ലാവര്‍ക്കും പറഞ്ഞുവെച്ചതും, വയ്ക്കാത്തതുമായ എല്ലാ കാര്യങ്ങളും ചെയ്തു. സ്‌പോണ്‍സര്‍മാര്‍ കൂടുതലും, കുടുംബത്തില്‍ പെട്ടവരും അതോടൊപ്പം തൻ്റെ ബിസിനസുമായി ബന്ധപ്പെട്ടവരും ആയിരുന്നു എന്ന് ബിജു പറഞ്ഞു. എന്നോടൊപ്പം സുനിൽ ട്രൈസ്റ്റാറും, ഷിജോ പൗലോസും, ജീമോന്‍ ജോര്‍ജ്ജും, സജി എബ്രഹാം കൂടാതെ നാഷണൽ എക്സിക്യൂട്ടീവിലെ പലരും സ്പോൺസേഴ്‌സിനെ പങ്കെടുപ്പിച്ചു. ഗ്യാസ് സപ്ലൈ രംഗത്തുള്ളവരെയും, ഞാന്‍ അറിയുന്നവരേയും, എന്നെ അറിയുന്നവരുമായ എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു. സ്ഥാനം ഏറ്റെടുത്തതിനു ശേഷം പ്രസ് ക്ലബിന് ദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല. ഹൂസ്റ്റണ്‍ ചാപ്റ്ററില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. വാഗ്വാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ നോർത്ത് അമേരിക്കയിൽ നിന്ന് മാധ്യമ പ്രവർത്തകരെല്ലാം തന്നെ എത്തി ഏറ്റവും ഭംഗിയായി ഈ കോൺഫറൻസ് സംഘടിപ്പിക്കാൻ സാധിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് പ്രസിഡന്റ് ബിജു പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ നല്ല പ്രവര്‍ത്തനശേഷി ഉണ്ടെങ്കില്‍ തന്നെയും കര്‍മ്മരംഗത്തേക്കിറങ്ങാന്‍ പലരും മടിക്കാറുണ്ട്. എനിക്കിതിന് കഴിയുമോ? ഞാന്‍ ഇതില്‍ പരാജയപ്പെട്ടാല്‍ പരിഹാസപാത്രമാകില്ലേ. ആവുകയില്ല എന്ന സംശയങ്ങള്‍ നമ്മെ ഒരിക്കലും കീഴ്‌പ്പെടുത്തരുത് എന്ന് ബിജു കൂട്ടിച്ചേർത്തു. എല്ലാ ശേഷികളും എനിക്കുമുണ്ട് എന്നുറച്ച് വിശ്വസിക്കുക. വ്യക്തമായൊരു ലക്ഷ്യം മുന്നില്‍ വയ്ക്കുകയും, ഉന്മേഷത്തോടെ അത് നേടാന്‍ തളരാതെ പ്രവര്‍ത്തിക്കുകയും വേണം. താല്കാലികമായുണ്ടാകാവുന്ന ചെറിയ തിരിച്ചടികളെ അവഗണിക്കണം.
ഒരു മാധ്യമപ്രവര്‍ത്തകന്റെ ചടുലതയും സൂക്ഷ്മവുമായ ദൃഷ്ടികളിലൂടെ, പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ചുരുളുകളിലൂടെ, ഭാഷയെയും സംസ്‌ക്കാരത്തെയും നോക്കിക്കാണുന്ന ജനറല്‍ സെക്രട്ടറി ആയി സുനില്‍ ട്രൈസ്റ്റാര്‍ (സാമുവല്‍ ഈശോ) കോണ്‍ഫറന്‍സിന്റെ ആദ്യവസാനം വരെ ശോഭിച്ചു. ആറ് മാസങ്ങളുടെ സംഘര്‍ഷം നന്നായി പരിണമിച്ചു എന്നദ്ദേഹം പറഞ്ഞു. നമ്മുടെ കൊച്ചു കേരളത്തിന്റെ മാധ്യമ ശക്തി അങ്ങ് ചെന്നൈയിലുള്ള അമേരിക്കൻ കോൺസുലേറ്റിൽ വിസ ലഭിക്കാൻ ഉതകുന്നതാണ് എന്നത് ഈ കോൺഫറൻസ് തെളിയിച്ചു. മലയാളത്തിന്റെ ഭാവി പുരോഗതിയുടെ ദിശ ഏതായിരിക്കണം എന്ന് തീരുമാനിക്കേണ്ടതും ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകളില്‍ ആണ്. സുനിലിന്റെ നീണ്ട 27 വർഷത്തെ മീഡിയ മാനേജ്മെന്റ് പ്രവർത്തന പരിചയം കാര്യങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനായി സഹായിച്ചു.
പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ അഡ്വൈസറി ബോർഡിൻറെ അപ്പോളപ്പോൾ ഉള്ള ഉപദേശങ്ങളും പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. 2022-23 പ്രസിഡന്റ് ഇലെക്ട് സുനിൽ തൈമാറ്റത്തിനെ കൂടെ നിർത്തി പ്രവർത്തങ്ങളിൽ പങ്കാളി ആക്കി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഏറ്റവും കൂടുതല്‍ ഉൾപ്പെടുത്തി എന്നതും 2021-21 കമ്മിറ്റിക്ക് അവകാശപ്പെടാവുന്നതാണ്. ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപ്പോളപ്പോൾ വിവരങ്ങൾ പങ്കു വെച്ച് കൊണ്ടേ ഇരുന്നു. ചാപ്റ്ററുകളുമായുള്ള ബന്ധം ഏറ്റവും ഊട്ടി ഉറപ്പിക്കാൻ ശ്രമിച്ചു. ഒരിടത്തും യാതൊരു പരാതിയും ഉണ്ടായില്ല. ചരിത്രത്തിൽ ആദ്യമായി ഇന്‍ഡ്യാ പ്രസ് ക്ലബ്ബിനുവേണ്ടി ഒരു ടെലിവിഷൻ ചാനലും ഉണ്ടാക്കി. സുനിൽ വാചാലനായി.
പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് പൂര്‍ണ്ണമായും അതിഥികളുടെ സൗകര്യങ്ങളിലും അവരെ ടേക്ക് കെയര്‍ ചെയ്യേണ്ട കാര്യങ്ങളിലും യത്‌നിച്ചു. ഉത്തരവാദിത്വങ്ങള്‍ ഒരു പരിധിവരെ ഏറ്റെടുത്തു. ചെയ്യുന്നത് ഏത് കാര്യമായാലും അതില്‍ ചിട്ട വേണം. സമയക്ലിപ്തത പാലിക്കുന്നത് പ്രധാനം. കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെങ്കില്‍ അതിന് പ്രായോഗികമായി ടൈംടേബിള്‍ മനസില്‍ കണ്ട് മുന്‍പോട്ട് പോകണം.
ഓഡിയോ വിഷ്വല്‍ സ്റ്റേജ് സൂപ്പര്‍ ആയി. ചീഫ് എഡിറ്റർ സജി എബ്രഹാമിന്റെ (ന്യൂ യോർക്ക്) നെത്ര്വത്വത്തിൽ 154 പേജുള്ള സുവനീര്‍ പ്രസിദ്ധീകരിച്ചു. 1200-ല്‍ പരം കോണ്‍ഫറന്‍സിനെ സംമ്പന്ധിക്കുന്ന പടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 2 ദിവസത്തെ കണ്‍വന്‍ഷന്റെ മുഴുവന്‍ സമയം വീഡിയോ പ്രസിദ്ധീകരിച്ചു. ഓഡിയോ വിഷ്വൽ പൂർണമായും ഫാൻസി ഡിജിറ്റലിനു വേണ്ടി സജി ജേക്കബും ടീമും ഒപ്പം അനിൽ മാറ്റത്തിക്കുന്നേലും വളരെ ഭംഗിയായി ദൃശ്യ വിരുന്നൊരുക്കി കാണികൾക്കു കൗതുകമൊരുക്കി. അവരെ സഹായിക്കാൻ ന്യൂ യോർക്കിൽ നിന്ന് ജോനാഥൻ-ബ്ലെസ്സൻ ട്രൈസ്റ്റാറും ഒത്തു കൂടി. ഡൊമിനിക് ചൊള്ളമ്പേല്‍ ചിത്രങ്ങള്‍ എടുത്തു. പുതിയ മാധ്യമരൂപങ്ങളുടെ ആവിര്‍ഭാവവും, വളര്‍ച്ചയും, നൂതന പ്രവര്‍ത്തനങ്ങള്‍, മാധ്യമ വിമര്‍ശനത്തിന്റെയും, വൈജ്ഞാനികവും വികാസപരിണാമവുമായ അഭിരുചി സംഘട്ടനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവേദിയെന്ന നിലയിലാണ് ഇന്‍ഡ്യാ പ്രസ് ക്ലബ് അംഗങ്ങള്‍ ഈ കോണ്‍ഫറന്‍സിനെ നോക്കിക്കണ്ടത്.
മറ്റൊരാള്‍ തുടങ്ങട്ടെ, ഞാന്‍ പിന്നാലെ കൂടികൊള്ളാം എന്ന ഒരു സമീപനമാണ് മിക്കവര്‍ക്കും. എന്തുകൊണ്ട് എനിക്ക് മുന്‍കൈ എടുത്തുകൂടാ എന്ന് സ്വയം ചോദിക്കുക. പരാജയഭീതി നമ്മെ പിന്‍തിരിപ്പിക്കരുത് എന്നതാണ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജിന്റെ പ്രവർത്തന രീതി. മാധ്യമ ജീവിത വിജയത്തിന് സഹായകരമായ ചില ശീലങ്ങളെപ്പറ്റിയാണ് ഇന്‍ഡ്യ പ്രസ്‌ക്ലബ്ബ് പറഞ്ഞത്. പ്രതിസന്ധികളെ നേരിടുവാനുള്ള സധൈരം പുതിയ ചാലുകളിലൂടെ ചിന്തിക്കുവാനുള്ള കഴിവ്, പക്വത, യുക്തി, ഉത്സാഹം അല്പം അപായ സാധ്യത ഉള്ള കൃത്യങ്ങള്‍ ചെയ്യാനുള്ള മനസ്ഥിതി, പൊതുവിജ്ഞാനത്തോട് ആഭിമുഖ്യം തുടങ്ങിയവയൊക്കെ ഇവിടെ നടന്ന 4 ദിവസ കോണ്‍ഫറന്‍സില്‍ വെളിവായി. കോണ്‍ഫറന്‍സിലെ അക്കോമൊഡേഷനും ഭക്ഷണവും റെഡി ആയാല്‍ 75% ഓക്കെ ആയി. തുടക്ക ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ഹോട്ടലിലെ സ്റ്റേ തുടങ്ങുന്നത്. 10 മണി കഴിഞ്ഞപ്പോള്‍ മുതല്‍ താക്കോല്‍ കൊടുത്തു തുടങ്ങി. കോവിഡിന് ശേഷം നടക്കുന്ന മാസ്‌ക്ക് ഇല്ലാതെ ആദ്യ പരിപാടി. അതിഥികള്‍ക്ക് പറഞ്ഞതും പറയാത്തതും കൊടുത്തു. എല്ലാം പ്രസിഡന്റ് ബിജുവിന്റെ മിടുക്ക്.
കാഴ്ചയിലെ വിലോഭനീയങ്ങളായ സുഖസാന്ദ്രതയില്‍നിന്നും ശാന്തിയോ അശാന്തിയോ പടര്‍ത്തുന്ന മീഡിയാ രംഗത്തെ നാനാര്‍ത്ഥങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ യത്‌നിക്കുന്ന വിവിധ തലങ്ങളിലുള്ള മാധ്യമരംഗത്തെ വിദഗ്ധരുടെ അക്ഷീണ പ്രയത്‌നങ്ങള്‍ പ്രവര്‍ത്തിയിലാക്കി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായ മധു കൊട്ടാരക്കര . സംസ്‌ക്കാരം വളരണമെങ്കില്‍ പഠിച്ചെഴുതിയ വിശാലവും, വ്യക്തവുമായ കാഴ്ചപ്പാടുള്ള മാധ്യമ രംഗവും വളരണം. അഭിരുചികളില്‍ പൊടുന്നനെ ഒരു വിപ്ലവമുണ്ടാക്കാന്‍ താരതമ്യേന ആര്‍ക്കും കഴിയില്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ട്വിന്റി ഫോറില്‍ തനതായ കാഴ്ചപ്പാടോടെ വാര്‍ത്തകളിലെ വ്യക്തവും സുതാര്യവുമായ ശൈലിയുടെ ഉടമയാണ് മധു. മുന്നോട്ട് നോക്കുമ്പോള്‍ വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട്. കഴിഞ്ഞകാലത്തിന്റെ എല്ലാ ചിത്രങ്ങളും ഭദ്രമായി അടുക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചിലതിന് മങ്ങല്‍ ഏല്ക്കുമായിരിക്കും. മറ്റ് ചിലത് മായാതെ നില്ക്കും.
അമേരിക്കയില്‍ 2004 മുതല്‍ 2021 വരെ, 50 സംസ്ഥാനങ്ങളെയും കോര്‍ത്തിണക്കി ഈ സൗഹൃദ കൂട്ടായ്മ ഇന്‍ഡ്യ പ്രസ് ക്ലബ് വളര്‍ന്ന് പന്തലിച്ചു. ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കും. സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പുതിയ തലമുറയെ കൂടി ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷും ഉള്‍പ്പെടുത്തി, ഒരു പുതിയ പരിവര്‍ത്തനം ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇന്‍ഡ്യാ പ്രസ്‌ക്ലബ് എല്ലാ കാലങ്ങളിലും ഒരു സൂക്ഷ്മതയും ജാഗ്രതയും കാത്തുസൂക്ഷി ച്ചിട്ടുണ്ട്. ഭാരവാഹികള്‍ക്കൊപ്പവും സംഘടനാ നേതാക്കള്‍ക്കൊപ്പവും, പ്രസിഡന്റ് ബിജുവും, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറും, ട്രഷറാര്‍ ജീമോന്‍ ജോര്‍ജുമൊക്കെയുള്ളവരോടും, നാട്ടില്‍നിന്ന് വന്ന അതിഥികള്‍ക്കൊപ്പവുമൊക്കെ 4 ദിവസത്തെ കൂട്ടായ്മയില്‍ പങ്കെടുത്തു. എല്ലാവരും പരസ്പര സ്‌നേഹം പങ്കുവെച്ചു. കോവിഡ് എന്ന മഹാമാരി വന്നപ്പോള്‍ ഏറ്റവും ആകുലപ്പെട്ടവരാണ് നമ്മള്‍. ലോകമാസകലം ആടിയുലഞ്ഞ് നില്ക്കുമ്പോള്‍ അമേരിക്ക ആ പ്രതിസന്ധി ഘട്ടത്തെ നേരിട്ടത് അച്ചടക്കത്തിലൂടെയാണ്. അതിജീവിച്ചും അതിവേഗത്തിലും, വാക്‌സിന്‍ എടുത്തും നാം മുന്നിലെത്തി. പ്രസ് ക്ലബ് അംഗങ്ങളായ നമ്മള്‍ ആറടി മണ്ണിനെ വിസ്മരിച്ച് മുന്നേറി.
ആശയവിനിമയം ചെയ്യാതെ മനുഷ്യന് ജീവിക്കാനാവില്ല. ജീവിതോപാധിയാണ് ഭാഷ. അതിന്റെ ഉപകരണമാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍. അവയില്‍ ഏറ്റവും പ്രധാനം അച്ചടി/ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. അവയില്‍ പ്രധാനം ദിനപത്രം. ഇന്‍ഡ്യാ പ്രസ് ക്ലബിന്റെ ഫൗണ്ടര്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് അംഗവും, ഈ മലയാളി ചീഫ് എഡിറ്ററുമായ ജോര്‍ജ് ജോസഫിന്റേതാണ് ഈ കമന്റ്. മാനവിക ബുദ്ധിയുടെ ശക്തി അപരിമേയമാണ്.
ഇന്‍ഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫൗണ്ടര്‍ സെക്രട്ടറിയും, അഡൈ്വസറി ബോര്‍ഡ് അംഗവും, അമേരിക്കന്‍ മലയാളി ചീഫ് എഡിറ്ററുമായ റെജി ജോര്‍ജ് നിശബ്ദ സേവനത്തിലൂടെയാണ് ശ്രദ്ധേയനായത്.. പ്രോഗ്രാം മാനേജ്‌മെന്റ്, സ്റ്റേജ് മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ് തുടങ്ങിയവക്ക് റെജിയുടെ മേല്‍നോട്ടം ഉണ്ടായിരുന്നു. സമര്‍പ്പണ ബുദ്ധിയാണ് റെജിയുടെ കഴിവ്. സ്വന്തം പ്രവര്‍ത്തിയെ സമീപിക്കുന്നത് സമര്‍പ്പണബുദ്ധിയോടെയാണ്. അര മനസ്സോടെ ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത നിഴലിക്കുന്നുണ്ടാവില്ല. സഹപ്രവര്‍ത്തകര്‍ക്ക് വിശ്വാസം തോന്നുംവിധം പൂര്‍ണ്ണ ശുഷ്‌കാന്തിയോടെ വേണം ചുമതലകള്‍ നിര്‍വഹിക്കുവാന്‍ അതില്‍ റെജി ജോര്‍ജ് നൂറ് ശതമാനം കൂറ് പുലര്‍ത്തി.
സിമി ജസ്റ്റോ (ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ട് അപ് ലൈഫ് ആന്റ് ഹെല്‍ത്ത് സെഗ്മെന്റ് കോഓര്‍ഡിനേറ്റര്‍), ആശാ മാത്യു (ആങ്കര്‍ അമേരിക്കന്‍ കാഴ്ചകള്‍ സെഗ്മെന്റ് കോഓര്‍ഡിനേറ്റര്‍), മാത്യു വര്‍ഗീസ് ഇന്‍ഡ്യാ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് അംഗം ഏഷ്യാനെറ്റ് യുഎസ്എ ഓപ്പറേഷന്‍സ് മാനേജര്‍, ഫ്‌ളവേഴ്‌സ് ടി.വിയുടെ ഷാന മോഹന്‍ (അമേരിക്കന്‍ ടി വി പ്രോഗ്രാം ഹോസ്റ്റ്), ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, അനില്‍ ആറന്മുള (പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്) എന്നിവരും പ്രോഗ്രാമുകളില്‍ എം.സി.മാരായി.
ഇത്തരത്തിലുള്ള മനുഷ്യര്‍ ഇനിയും നമുക്കിടയില്‍ രൂപപ്പെടട്ടെ. ഇവരെല്ലാം തന്നെ ഇനിയും കാലങ്ങളോളം മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടട്ടെ. മാനവരാശിയുടെ നന്മയ്ക്കും, വളര്‍ച്ചയ്ക്കും ഉതകുന്ന രീതിയില്‍ ഇവരുടെ സംഭാവനകള്‍ ലോകം അറിയട്ടെ. ഓരോ പ്രശ്‌നങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഇവരെ കണ്ടു ലോകം പഠിക്കട്ടെ.
ജോർജ് തുമ്പയിൽ