കൊല്ലം: നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ പറഞ്ഞു. വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുമ്പോഴും നീക്കം ചെയ്യുമ്പോഴും സൂക്ഷ്മത പുലര്‍ത്തണമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ നിര്‍ദ്ദേശിച്ചു. പ്രാദേശിക തലത്തില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. കരട് പട്ടികയില്‍ ഒരേകുടുംബത്തിലെ വോട്ടര്‍മാരുടെ പേര് വ്യത്യസ്ത ഭാഗങ്ങളിലായി കാണുന്നതായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സാങ്കേതികമായി സംഭവിച്ച ഈ അപാകത പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി ലഭിച്ച അപേക്ഷകളുടെയും തീര്‍പ്പാക്കിയവയുടെയും വിവരം തഹസില്‍ദാര്‍മാര്‍ അറിയിച്ചു. നവംബര്‍ എട്ടിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.