5 പേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി

Spread the love

സംസ്ഥാനത്തെ ആദ്യ ജനറല്‍ ആശുപത്രി വഴിയുള്ള അവയവദാനം

തിരുവനന്തപുരം: കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി 5 പേരിലൂടെ ജീവിക്കും. കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ

മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്. വളരെ വിഷമകരമായ അന്തരീക്ഷത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ഭര്‍ത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. അവയവദാന പ്രക്രിയയ്ക്ക് മുന്‍കൈയ്യെടുത്ത ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയെ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കിടക്കുന്ന സമയത്ത് ചില അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് വനജയെ കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്. മസ്തിഷ്‌ക മരണമടഞ്ഞ വനജയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. രണ്ട് മക്കള്‍ രഹില്‍ (26), ജിതിന്‍ (24).

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്. ഡി.എം.ഒ. ഡോ. നാരായണ്‍ നായിക്, കെ.എന്‍.ഒ.എസ്. നോര്‍ത്ത് സോണ്‍ റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീലത എന്നവരുടെ കൂടി ശ്രമഫലമായാണ് ഈ അവയവദാനം നടന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *