ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ക്ലബ്ഫൂട്ട് അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

Spread the love

ഡിസംബര്‍ 6ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന, യൂണിസെഫ്, സിഡിസി കേരള, ക്യൂര്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 6ന് രാവിലെ 11

മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രണ്ട് സെഷനുകളായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ സെഷനില്‍ വൈകുന്നേരം 4 മണിക്ക് മന്ത്രി വീണാ ജോര്‍ജ് അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി ഒരു ശില്‍പശാലയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

ക്ലബ്ഫൂട്ട് മൂലം ഉണ്ടാകാനിടയുള്ള ഭിന്നശേഷിയില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളില്‍ ജന്മനാ തന്നെ കാലുകള്‍ക്ക് ഉണ്ടാകുന്ന വൈകല്യമാണ്ക്ലബ് ഫൂട്ട്. ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ക്ലബ് ഫൂട്ട് കണ്ടുവരാനുള്ള സാധ്യതയുണ്ട്. ഈ വൈകല്യമുള്ള കുട്ടികളില്‍ കാലിന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ വലുതായി നടക്കുമ്പോള്‍ ഭിന്നശേഷിയുണ്ടാക്കും. അതിനാല്‍ തന്നെ കുട്ടി ജനിച്ചു കഴിയുമ്പോള്‍ തന്നെ കാലുകള്‍ക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടി ജനിച്ചയുടന്‍ ക്ലബ് ഫൂട്ടിന്റെ ചികിത്സ തുടങ്ങേണ്ടതാണ്. കാലുകളില്‍ പ്ലാസ്റ്ററിട്ടാണ് ചികിത്സ ആരംഭിക്കുന്നത്. കുട്ടിയുടെ കാലുകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഓരോ ആഴ്ചയിലും പുതിയ പ്ലാസ്റ്റര്‍ ഇടണം. തുടര്‍ന്ന് നാലു വയസു വരെ കാലില്‍ ബ്രേസ് ഇടണം. തുടര്‍ ചികിത്സയും ആവശ്യമാണ്. ഇതിലൂടെ ക്ലബ് ഫൂട്ടില്‍ നിന്നും കുട്ടിയെ രക്ഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *