പ്രകൃതി ക്ഷോഭിച്ചു ; ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം
കൊല്ലം: ഭൂമി എത്ര കുലുങ്ങിയാലും രക്ഷാപ്രവര്‍ത്തനത്തിന്റെ സുരക്ഷയൊരുക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അടിയന്തര പ്രതികരണത്തിന്റെ കാര്യക്ഷമത പ്രായോഗികമായി പരിശോധിച്ചാണ് വിലയിരുത്തല്‍. ജഡായു പാറയില്‍ നടത്തിയ മോക്ഡ്രില്ലില്‍ ജില്ലയിലെ എല്ലാ സംവിധാനങ്ങളും ക്രിയാത്മകമായി ഇടപെട്ടു. ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നേതൃത്വം നല്‍കിയ രക്ഷാപ്രവര്‍ത്തനത്തില്‍ എന്‍. ഡി. ആര്‍. എഫ് (നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്) പങ്കാളിയായി.കൊട്ടാരക്കര പ്രഭവകേന്ദ്രമായ സാങ്കല്പിക ഭൂകമ്പം റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയത് 6.7. ജഡായുപ്പാറയിലെ രണ്ടു കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്. 10 പേര്‍ കെട്ടിടത്തിനുള്ളിലും. ഈ സാഹചര്യം നേരിടുന്നതിനുള്ള മോക്ഡ്രില്‍ വഴി അപകട സാഹചര്യം നേരിടുന്നതിന്റെ ഓരോഘട്ടവും പ്രാവര്‍ത്തികമായി പരിശോധിക്കുകയായിരുന്നു.അപകട മുന്നറിയിപ്പിനുള്ള അലാം ആദ്യം തന്നെ മുഴങ്ങി. എര്‍ത്ത് സെന്ററിലെ സുരക്ഷാ ജീവനക്കാര്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിന്. ഗുരുതരമായ അപകട വിവരം ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അറിയിക്കുന്നു. പോലീസും അഗ്‌നിസുരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യസംഘവും രംഗത്ത്. കെട്ടിടത്തില്‍ അകപ്പെട്ടവരെ പ്രാഥമിക ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലേക്ക്. രക്ഷപ്പെടുത്താന്‍ കഴിയാത്ത നാലുപേര്‍ കൂടി കെട്ടിടത്തിനുള്ളിലുണ്ടെന്ന് വിവരം. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ കൊട്ടാരക്കരയില്‍ തമ്പടിച്ചിരുന്ന എന്‍.ഡി.ആര്‍.എഫ് ഇടപെടലിന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ഇവര്‍ കെട്ടിടത്തില്‍ കുടുങ്ങിയവരെ വലിയ ബീമുകള്‍ മുറിച്ചുമാറ്റി രക്ഷപ്പെടുത്തുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.രക്ഷാപ്രവര്‍ത്തനത്തിലുടനീളം ജില്ലാ കലക്ടര്‍ പങ്കെടുത്തു. അപകട സാഹചര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിന് എല്ലാ വിഭാഗത്തിനും കഴിഞ്ഞുവെന്ന് വിലയിരുത്തി.