സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ 5 വര്‍ഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്.

അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പൊതു സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ ഭരണഘടന ലിംഗസമത്വം ഉറപ്പ് നല്‍കുന്നു. സ്ത്രീധന പീഡന മരണങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രമാണ് ആ വിഷയം ചര്‍ച്ചയാകുന്നത്. പലപ്പോഴും യഥാര്‍ത്ഥ വിഷയം പാര്‍ശ്വവത്ക്കരിച്ച് മറ്റ് വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. മാധ്യമങ്ങളുടെ ഭാഷ വളരെ പ്രധാനമാണ്. മാധ്യമങ്ങളുടെ വലിയ ഇടപെടല്‍ സമൂഹത്തിലുണ്ടാകണം. മാര്‍ക്കറ്റിന്റെ സമ്മര്‍ദം അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍, കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *