വന്യജീവി അക്രമം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും ഡിസംബര്‍ 18ന്

Spread the love

കൊച്ചി: അതിരൂക്ഷമായിരിക്കുന്ന വന്യജീവി അക്രമത്തില്‍ ദിവസംതോറും ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും നിഷ്‌ക്രിയ സമീപനങ്ങളുമായി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്.

ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം ജംഗ്ഷനില്‍ നിന്ന് കര്‍ഷക സെക്രട്ടറിയേറ്റ് മാര്‍ച്ചും തുടര്‍ന്ന് നിയമലംഘനപ്രഖ്യാപനവും നടക്കും. ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭ നേതാക്കളും പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകനേതാക്കളും ഐക്യദാര്‍ഡ്യവുമായി അന്നേദിവസം എത്തിച്ചേരും.

സെക്രട്ടറിയേറ്റ് മന്ദിരം സുരക്ഷിതമെല്ലന്ന് ഫയര്‍ഫോഴ്‌സിന്റെ

സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ മുന്നൊരുക്കമായി നടന്ന കര്‍ഷകനേതാക്കളുടെ സംസ്ഥാനതല സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ കൊലയ്ക്കുകൊടുത്തും കുടിയിറക്കിയും വന്യജീവികളെ സംരക്ഷിക്കുന്ന കിരാത നിയമങ്ങള്‍ എതിര്‍ക്കപ്പെടണം. വന്യജീവി അക്രമത്തിനും കൃഷിനാശത്തിനുമുള്ള പ്രഖ്യാപിത നഷ്ടപരിഹാരം പോലും നല്കാതെ ഭരണസംവിധാനങ്ങള്‍ അട്ടിമറിക്കുന്നു. ഒന്നും നേടിയെടുക്കാനല്ല, മറിച്ച് പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടിയാണ് കര്‍ഷകര്‍ പോരാടുന്നതെന്നും എല്ലാ കര്‍ഷകസംഘടനകളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ ഈ ജീവിതപോരാട്ടത്തില്‍ പങ്കുചേരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് വൈസ്‌ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘനപ്രഖ്യാപനവും കേരളത്തിലെ കര്‍ഷകപ്രക്ഷോഭത്തിന്റെ തുടക്കം മാത്രമാണെന്നും ഇതിന്റെ തുടര്‍ച്ചയായി കളക്ടറേറ്റ് പിക്കറ്റിംഗ് ഉള്‍പ്പെടെ തുടര്‍സമരങ്ങളോടൊപ്പം നിയമലംഘന നടപടികളുമുണ്ടാകും. ഡിസംബര്‍ 13ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് ദേശീയ കര്‍ഷകനേതാക്കളുടെ സൗകര്യാര്‍ത്ഥം ഡിസംബര്‍ 18ലേയ്ക്ക് മാറ്റിവെച്ചതെന്നും അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി, സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, സംസ്ഥാന വൈസ് ചെയര്‍മാന്മാരായ ഫാ. ജോസഫ് കാവനാടിയില്‍, ഡിജോ കാപ്പന്‍, ബേബി സക്കറിയാസ,് കണ്‍വീനര്‍മാരായ ജോയി കണ്ണംചിറ, രാജു സേവ്യര്‍, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, ജെന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോണ്‍ ജോസഫ്, വിവിധ കര്‍ഷകസംഘടനാ നേതാക്കളായ ടോമിച്ചന്‍ ഐക്കര, ജോസ് മാത്യു ആനിത്തോട്ടം, ഡോ.പി.ലക്ഷ്മണ്‍മാസ്റ്റര്‍, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ഷുക്കൂര്‍ കണാജെ, അഡ്വ. സുമീന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, സ്‌കറിയ നെല്ലംകുഴി, പോള്‍സണ്‍ അങ്കമാലി, സുനില്‍ മഠത്തില്‍, പൗലോസ് മോളത്ത്, നൈനാന്‍ തോമസ്, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

വനം വന്യജീവി വിഷയത്തോടൊപ്പം കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുക, ജപ്തിനടപടികള്‍ നിര്‍ത്തിവെയ്ക്കുക, കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളും കര്‍ഷകസംഘടനകള്‍ മുന്നോട്ടുവെയ്ക്കുന്നു.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: +91 79078 81125

 

Author

Leave a Reply

Your email address will not be published. Required fields are marked *